Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടറപുഞ്ച സ്‌കീം നടപ്പിലാക്കിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോഴും കൃഷിക്കു യോഗ്യമാകാതെ പകുതിയിലേറെ നിലങ്ങള്‍
23/10/2020

വൈക്കം: തോട്ടറപുഞ്ച സ്‌കീം നടപ്പിലാക്കിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഈ കാലയളവില്‍ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും കര്‍ഷകരുടെ ആവശ്യം അനുസരിച്ചുള്ള പദ്ധതി നടപ്പിലാക്കാതിരുന്നതുകൊണ്ടും നിര്‍വ്വഹണത്തിലെ പിഴവുകള്‍ കൊണ്ടും പകുതി നിലങ്ങള്‍ പോലും കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍ക്കാവുന്നില്ല. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട 1500 ഏക്കര്‍ നിലമാണ് തോട്ടറപുഞ്ച. ഈ പഞ്ചായത്തുകളിലെ ചെറുകിട കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് തോട്ടറ പുഞ്ചയിലെ തോടുകളിലെ പുല്ലും പായലും ആമ്പലും വാരിയിരുന്നത് 2015 മുതല്‍ ഹിറ്റാച്ചി ഉപയോഗിച്ച് വരാന്‍ തുടങ്ങിയതു മൂലം സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കി കെട്ടിയ തോടുകളിലെ കരിങ്കല്‍ കെട്ടുകള്‍ പലഭാഗത്തും ഇടിഞ്ഞു താഴുകയും ബാക്കി കെട്ടുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നതിനും ഇടയാക്കി. ഈ വര്‍ഷവും ഹിറ്റാച്ചി ഉപയോഗിച്ച് പായല്‍ വാരല്‍ നടത്തുവാന്‍ മുളന്തുരുത്തി മൈനര്‍ ഇറിഗേഷന്‍ അധികൃതരുടെ ഒത്താശയോടു കൂടി തീരുമാനിച്ചിരിക്കുകയാണ്. പായല്‍ വാരിന്റെ മറവില്‍ തോടുകളിലെ കെട്ടുകള്‍ ഇടിക്കുകയും ഇടിഞ്ഞ കെട്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിപ്പിച്ച് കരാറുകാര്‍ക്ക് അടുത്ത ടെന്‍ഡര്‍ തരപ്പെടുത്തി കൊടുക്കുവാനുള്ള മൈനര്‍ ഇറിഗേഷന്‍ അധികൃതരുടെ ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നാണ് പൊതുജനാഭിപ്രായം. ഇത് സര്‍ക്കാരിന്റെ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവൃത്തിയും വലിയ അഴിമതിയുമാണെന്നും ഇപ്രകാരമുള്ള പ്രവൃത്തികള്‍ സര്‍ക്കാരിന് ഭാവിയില്‍ കരിങ്കല്‍ കെട്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി മാത്രം കോടിക്കണക്കിന് രൂപയുടെ അധികബാദ്ധ്യത ഉണ്ടാക്കുന്നതുമാകുന്നു. ആയതിനാല്‍ തോട്ടറപുഞ്ച തോടുകളിലെ കല്‍കെട്ടുകളുടെ നിലവിലുള്ള അവസ്ഥ ബോദ്ധ്യപ്പെടുന്നതിന് ഉന്നതല അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കൂടാതെ തോട്ടറപുഞ്ച സ്‌കീം പൂര്‍ത്തീകരണത്തിന് ആവശ്യമായ ഫണ്ട് പ്രത്യേകം പാക്കേജായി അനുവദിക്കുക, ഹിറ്റാച്ചി ഉപയോഗിച്ചുള്ള പായല്‍ വാരല്‍ നിരോധിക്കണമെന്നും പകരം ഈ ഗ്രാമപഞ്ചായത്തുകളിലെ ചെറുകിട കര്‍ഷകരെയും തൊഴിലാളികളെയും കൊണ്ട് ചെയ്യിപ്പിക്കണമെന്നും, പുലിമുഖം തോട്ടില്‍ ഷട്ടറുകള്‍ സ്ഥാപിക്കണമെന്നും, എല്ലാ പാടശേഖരങ്ങളിലേക്കും ഗതാഗത സൗകര്യമുള്ള ഫാംറോഡുകള്‍ നിര്‍മ്മിക്കണമെന്നതും, വൈദ്യുതിലൈന്‍ വലിക്കാത്ത പാടശേഖരങ്ങളിലേക്ക് വൈദ്യുതിലൈന്‍ വലിക്കണമെന്നതുമാണ് പ്രദേശവാസികളുടെ ആവശ്യം.