Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനകാര്യകമ്മീഷന്‍ ഗ്രാന്റില്ല. നഗരസഭകള്‍ പ്രതിസന്ധിയില്‍
14/10/2020

വൈക്കം: നഗരസഭകളുടെ ഭരണസമിതി കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ലഭിക്കാത്തത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭനത്തിലാക്കി. പ്ലാന്‍ ഫണ്ട്,മെയിന്റനന്‍സ് ഗ്രാന്റ്, ധനകാര്യകമ്മീഷന്‍ ഗ്രാന്റ്, തനതുഫണ്ട് തുടങ്ങിയവയെല്ലാമാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനസ്രോതസ്സുകള്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ടിയിരുന്ന തുകയില്‍ നിന്നുമാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കും സുഭിക്ഷകേരളമടക്കമുള്ള കോവിഡ് അതിജീവന പദ്ധതികള്‍ക്കുമായി തുക മാറ്റിവയ്‌ക്കേണ്ടി വന്നത്. നിര്‍മ്മാണ ജോലികള്‍, റോഡുകളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി, കലുങ്ക്, തെരുവുവിളക്കുകള്‍, കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, ശുചിത്വ മാലിന്യസംസ്‌ക്കരണ പദ്ധതികള്‍, കുടിവെള്ളപദ്ധതികള്‍, പാര്‍ക്കുകളുടെയും ബീച്ചുകളുടെയും നവീകരണം തുടങ്ങിയവയ്‌ക്കെല്ലാം ആശ്രയിക്കുന്നത്് ധനകാര്യകമ്മീഷന്‍ ഗ്രാന്റിനെയാണ്. എന്നാല്‍ 2020-21 ലെ രണ്ടാംഗഡു ധനകാര്യക്കമ്മീഷന്‍ ഗ്രാന്റ് ഇതുവരെ ലഭിക്കുകയോ ഇതുസംബന്ധിച്ച അറിയിപ്പുകളോ നഗരസഭകള്‍ക്ക്് ലഭിച്ചിട്ടില്ല. ചെയര്‍മാന്‍ ചേമ്പര്‍ ഭാരവാഹികള്‍ക്കും ഗ്രാന്റ് എന്നു ലഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളോ ധാരണകളോ ഇല്ല. തെരഞ്ഞെടുപ്പിന് മുന്‍പായി പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കുന്ന ഭരണസമിതികളും കൗണ്‍സിലര്‍മാരും ഇതോടെ വെട്ടിലായി. പൂര്‍ത്തീകരിച്ച വര്‍ക്കുകളുടെ ബില്ലുകള്‍ മാറിക്കിട്ടാത്തതുമൂലം കരാറുകാരും, കക്കൂസുകളുടെയും മറ്റും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വ്യക്തിഗത ഗുണഭോക്താക്കളും പണം ലഭിക്കാത്തതുമൂലം ഏറെ വിഷമിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നഗരസഭകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആകെ സ്തംഭനത്തിലാകും.