Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാട്ടകം മറിയപ്പള്ളിക്കുസമീപം നാലുമാസം മുന്‍പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണുവിന്റെതു തന്നെയെന്ന ഡി.എന്‍.എ പരിശോധാഫലം.
08/10/2020

വൈക്കം: നാട്ടകം മറിയപ്പള്ളിക്കുസമീപം നാലുമാസം മുന്‍പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടം കുടവെച്ചൂര്‍ സ്വദേശി ജിഷ്ണുവിന്റെതു തന്നെയെന്ന ഡി.എന്‍.എ പരിശോധാഫലം. എന്നാല്‍ ഇതു വിശ്വസിക്കാനാവാതെ കുടുംബവും നാടും വിതുമ്പുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഫലം തെറ്റുതന്നെയെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലും ഇതുതന്നെയാണ് പറയുന്നത്. ഇതിന് അവര്‍ക്ക് പറയാന്‍ ന്യായങ്ങളേറെയുണ്ട്. സാധാരണഗതിയില്‍ ഇപ്രകാരം സംശയാസ്പദമായി ലഭിക്കുന്ന മൃതദേഹാവശിഷ്ടം ഡി.എന്‍.എ ടെസ്റ്റും കാലപ്പഴക്കം നിര്‍ണയിക്കുന്ന പരിശോദനയും നടത്താതെ വിട്ടുകൊടുക്കാറില്ല. പക്ഷേ ഇവിടെ ഡി.എന്‍.എ പരിശോധന പോലും നടത്താതെ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റെതാണെന്ന് വരുത്തി ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി അടിസ്ഥാനപരമായി ഒരു അന്വേഷണമോ ശാസ്ത്രീയ പരിശോധനകളോ നടത്താതെ കേസ് നീട്ടിക്കൊണ്ടു പോകാന്‍ പോലീസ് ശ്രമിച്ചു. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഡി.എന്‍.എ ഫലം വന്നുവെന്നും മൃതദേഹം ജിഷ്ണുവിന്റെതു തന്നെയെന്ന് സഹോദരനെ വിളിച്ചറിയിക്കുന്നത്. നിരവധി സംശയങ്ങള്‍ നിലനില്‍ക്കെ വിശദമായി കാര്യങ്ങള്‍ പറയുകയോ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുകയുണ്ടായില്ല. മൃതദേഹത്തിനടുത്തു നിന്നും രണ്ടു ഫോണുകള്‍ കണ്ടെത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും രണ്ടാമത്തെ ഫോണ്‍ എവിടെയാണെന്ന് പോലീസ് പറയുന്നില്ല. കാണാതാകുന്ന ദിവസം ജിഷ്ണു ജോലി ചെയ്ത സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിലും ദുരൂഹതയുണ്ട്. സൈബര്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഫോണിന്റെ ഡി കോഡിങ്ങോ, കെമിക്കല്‍ അനാലിസിസ് ലാബിലെ റിപ്പോര്‍ട്ടോ ഇതുവരെ ലഭ്യമായിട്ടില്ല. കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അന്വേഷണ രീതി തികച്ചും സംശയാസ്പദവും ദുരൂഹതയുളവാക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടും വരെ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മൃതദേഹാവശിഷ്ടം കൂടുതല്‍ ശാസ്ത്രീയവും വിശദവുമായ പരിശോധന നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സണ്ണി കൊച്ചുപോട്ടയില്‍, കണ്‍വീനര്‍ ജയന്‍ തീയ്യാപ്പറമ്പില്‍, വൈസ് ചെയര്‍മാന്‍ പി.പി തങ്കച്ചന്‍, യൂ.ബാബു, സഹോദരന്‍ വിഷ്ണു, പിതാവിന്റെ ജ്യേഷ്ഠന്‍ ശശി എന്നിവര്‍ പങ്കെടുത്തു.