Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴവെള്ള സംഭരണത്തിന്റെ വേറിട്ട മാതൃകയുമായി ശ്രദ്ധേയമാവുകയാണ് വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം പ്രദേശത്തെ 'മഴവെള്ളം മാനവരാശിക്ക്' എന്ന പദ്ധതി.
22/03/2016
വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം പ്രദേശത്ത് വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ പണികഴിപ്പിച്ച മഴവെള്ള സംഭരണി

വേനലിലും വെള്ളത്തെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാന്‍ മഴവെള്ള സംഭരണത്തിന്റെ വേറിട്ട മാതൃകയുമായി ശ്രദ്ധേയമാവുകയാണ് വെച്ചൂര്‍ പഞ്ചായത്തിലെ അച്ചിനകം പ്രദേശത്തെ 'മഴവെള്ളം മാനവരാശിക്ക്' എന്ന പദ്ധതി. മഹാത്മാഗാന്ധി യൂണിവേഴ്‌സിററിയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം, അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിററിയുമായി സഹകരിച്ച് 2009ല്‍ നടപ്പാക്കിയതാണ് ഈ മാതൃകാ പദ്ധതി. അച്ചിനകത്തെ ഐശ്വര്യ തഴപ്പായ സംഘം പ്രദേശികമായ സഹകരണം നല്‍കി. വേനലെത്തുമ്പോഴേക്ക് കുടിവെള്ളം വിലയ്ക്കുവാങ്ങിയിരുന്ന കാലം പഴങ്കഥയാക്കി കഴിഞ്ഞ ഏഴ് വര്‍ഷവും ശുദ്ധമായ മഴവെള്ളം കുടിവെള്ളമായി ലഭിച്ചുവെന്ന് സമീപവാസികളുടെ സാക്ഷ്യം. ജലാശയങ്ങള്‍ ഏറെയുള്ള നാട്ടില്‍ വേനലെത്തുമ്പോഴുള്ള കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള പഠനത്തിനായി ബ്രൗണ്‍ യൂണിവേഴ്‌സിററിയില്‍ നിന്നെത്തിയ ക്രിസ്റ്റീന ടാങ്ക് എന്ന സാമൂഹ്യപ്രവര്‍ത്തകയും മഹാത്മാഗാന്ധി യൂണിവേഴ്‌സിററിയിലെ സ്‌ക്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ എ.പി തോമസ്, രാമസ്വാമി, വി.പി സൈലാസ് എന്നിവരുമൊക്കെയാണ് ഈ പൈലററ് പ്രൊജക്ടിനു പിന്നിലെ അണിയറക്കാര്‍. മഴക്കാലം കഴിയുന്നതോടെ കുടിവെള്ളം വിലക്കുവാങ്ങിയും കിലോമീറററുകള്‍ അകലെനിന്നും വെള്ളം ശേഖരിച്ചുമൊക്കെ കഷ്ടപ്പെട്ടിരുന്ന അച്ചിനകം പ്രദേശവാസികളെ തഴപ്പായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുമിച്ചുകൂട്ടി ജലത്തിന്റെ പരിശുദ്ധിയെക്കുറിച്ചും മഴവെള്ള സംഭരണത്തിന്റെ മേന്മയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് ആദ്യം നല്‍കിയത്. ഇവിടെ ലഭ്യമായിരുന്ന കുടിവെള്ള സ്രോതസ്സുകളിലെ ജലം പരിശോധിച്ചപ്പോള്‍ അനുവദനീയമായതിലും അധികം രോഗകാരികളായ സൂക്ഷ്മാണുക്കളെ കണ്ടെത്തി. മഴവെള്ള സംഭരണി എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സ്വന്തം സ്ഥലം ഉപയോഗിക്കുന്നതിന് കുന്നത്തില്‍ ബേബി തങ്കപ്പന്‍ അനുവാദവും നല്‍കി. അവരുടെ പുരയിടത്തിലുണ്ടായിരുന്ന ചെറിയൊരു തോട് വൃത്തിയാക്കി ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നേകാല്‍ ലക്ഷം ലിററര്‍ വ്യാപ്തമുള്ള സംഭരണിയുടെ രൂപത്തിലാക്കി. സംഭരണിയുടെ മുകള്‍ഭാഗത്ത് മൂടിയ ഷീറ്റില്‍ വീഴുന്ന മഴവെളളം പ്രത്യേക അരിപ്പയിലൂടെ ടാങ്കിനുള്ളിലേക്ക് കടത്തിവിട്ടു. മഴക്കാലം മുഴുവനും ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ജലക്ഷാമം നേരിടുന്ന ഡിസംബര്‍ അവസാനം മുതല്‍ മെയ് വരെ ഒരു കുടുംബത്തിന് ദിവസേന 20 ലിറ്റര്‍ എന്ന കണക്കില്‍ ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടന്നുവരുന്നത്. സംഭരണി മിക്കവാറും മണ്ണിനടിയിലായതിനാല്‍ വെള്ളമെടുക്കാന്‍ പ്രത്യേക ചാമ്പുപൈപ്പ് ഉപയോഗിക്കുന്നു. സമീപവാസികളായ 20 കുടുംബങ്ങളായിരുന്നു പദ്ധതിയുടെ ആദ്യഗുണഭോക്താക്കള്‍. പദ്ധതി ചെലവിന്റെ ഭൂരിഭാഗവും യൂണിവേഴ്‌സിററിയാണ് വഹിച്ചത്. ഗുണഭോക്താക്കള്‍ ശ്രമദാനത്തിലൂടെയും സഹകരിച്ചു. ടാങ്കിന്റെ മുകള്‍ഭാഗത്തെ ഷീററിനടിയിലൂടെ അകത്തുള്ള വെള്ളം ബാഷ്പീകരിച്ചു പോകുന്നതു തടയാന്‍ അടുത്തകാലത്ത് മുകള്‍ഭാഗവും ഫെറോസിമന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മൂടിയപ്പോള്‍ ടാങ്കിന്റെ സംഭരണശേഷിയും വര്‍ദ്ധിച്ചു. എത്രകാലം വേണമെങ്കിലും വെള്ളം കേടുകൂടാതെ സൂക്ഷിക്കണമെന്ന സൗകര്യവും ഇതിനുണ്ട്. മഴക്കാലമെത്തുന്നതിനു തൊട്ടുമുന്‍പ് ടാങ്ക് ശുചിയാക്കുകയും വൈറ്റ് സിമന്റ് പൂശുകയും ചെയ്യുന്നതിന് നിലവിലെ ഗുണഭോക്താക്കളായ 15 കുടുംബങ്ങളും സഹകരിക്കുന്നുണ്ട്. ഇടയ്ക്കിടെ എം.ജി യൂണിവേഴ്‌സിററി അധികൃതര്‍ ഇവിടെയെത്തി വെള്ളം ശേഖരിച്ച് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുമുണ്ട്. ഇതുകൂടാതെ യൂണിവേഴ്‌സിററിയുടെ നേതൃത്വത്തില്‍ ഇന്‍ഡോ-അമേരിക്കന്‍ സംരംഭമായ 'ഒബാമ സിംഗ് ഇനിഷ്യേററീവി'ന്റെ സഹകരണത്തോടെ സമീപപ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങളെ ഉള്‍പ്പെടുത്തി 10,000 ലിററര്‍ മുതല്‍ 25,000 ലിററര്‍ വരെ ശേഷിയുള്ള 17 മഴവെള്ള സംഭരണികള്‍കൂടി നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. സ്വന്തം പുരയിടത്തില്‍ വീണു പാഴാകുന്ന മഴവെള്ളം ഏതെങ്കിലും തരത്തില്‍ സംഭരിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധവെച്ചാല്‍ കേരളത്തില്‍ കുടിവെള്ളക്ഷാമം എന്ന വാക്ക് കേള്‍ക്കാനേ ഉണ്ടാവില്ലെന്നാണ് അനുഭവത്തിലൂടെ ഇവര്‍ പറയുന്നത്.