Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുണ്ടും കുഴിയുമായി തകര്‍ന്ന് തോടിന്റെ രൂപത്തിലായ ടോള്‍-ചെമ്മനാകരി റോഡിന്റെ ദുരവസ്ഥ നാട്ടുകാര്‍ക്ക് ദുരിതയാത്രയാകുന്നു
30/09/2020
ടോള്‍-ചെമ്മനാകരി റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ റോഡ് ഉപരോധ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. തകര്‍ന്ന് വെള്ളക്കെട്ടായി മാറിയ റോഡിന്റെ ഭാഗവും കാണാം.

വൈക്കം: കുണ്ടും കുഴിയുമായി തകര്‍ന്ന് തോടിന്റെ രൂപത്തിലായ ടോള്‍-ചെമ്മനാകരി റോഡിന്റെ ദുരവസ്ഥ നാട്ടുകാര്‍ക്ക് ദുരിതയാത്രയാകുന്നു. ടോള്‍ മുതല്‍ ചെമ്മനാകരി വരെയുള്ള നാലര കിലോമീറ്റര്‍ റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ഭാഗങ്ങള്‍ ഏതാണ്ട് തോടിന്റെ രൂപത്തിലാണ്. ചെളിവെളളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ കാല്‍നടയാത്രയ്ക്ക് പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങളും, ആലപ്പുഴ ജില്ലയുമായി ബന്ധിപ്പിക്കുന്ന മണപ്പുറം ജങ്കാര്‍ സര്‍വ്വീസ് വഴി കടത്തിറങ്ങാന്‍ വരുന്ന വാഹനങ്ങളും വളരെയേറെ ബുദ്ധിമുട്ടിയാണ് റോഡിലൂടെ കടന്നുപോകുന്നത്. മറവന്‍തുരുത്ത് പഞ്ചായത്തിലെ 1, 2, 13, 14, 15 വാര്‍ഡുകളിലുള്‍പ്പെട്ട ജനങ്ങളാണ് റോഡിന്റെ തകര്‍ച്ചയില്‍ വിഷമതയനുഭവിക്കുന്നത്. റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ഇതുവരെ നടപ്പിലായിട്ടില്ല. അറിയപ്പെടുന്ന ചെമ്മനാകരി ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങള്‍ക്കും ദുരിതയാത്രയാണ്. അടിയന്തിര ചികിത്സയ്ക്ക് കൊണ്ടുവരുന്ന രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഒട്ടേറെ സമരപരിപാടികളും നടത്തി. എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പത്തുമാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ലെന്ന് യാത്രക്കാരും ആരോപിച്ചു. റോഡിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് മറവന്‍ന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. എന്‍.സി തോമസ്, ജഗദ അപ്പുക്കുട്ടന്‍, ബാബു പുവനേഴത്ത്, മോഹന്‍ കെ തോട്ടുപുറം, എം.കെ ഷിബു, കെ.സജീവന്‍, പോള്‍ തോമസ്, വി.ആര്‍ അനിരുദ്ധന്‍, അശോകന്‍ കൂമ്പേല്‍, സി.വി ഡാങ്കേ, ജിജിമോന്‍, രമേശന്‍ തേവടി എന്നിവര്‍ പ്രസംഗിച്ചു.