Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവര്‍ഹെഡ് വാട്ടര്‍ടാങ്കും ട്രീറ്റുമെന്റ് പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍
13/07/2020

വൈക്കം: വൈക്കം വാട്ടര്‍അതോറിട്ടിയുടെ ഉടമസ്ഥതയില്‍ വൈക്കം അയ്യര്‍കുളങ്ങരയില്‍ ഉള്ള സ്ഥലത്ത് പത്തുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് വാട്ടര്‍ടാങ്കും ട്രീറ്റുമെന്റ് പ്ലാന്റും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ത്വരിതപ്പെടുത്തണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ 'ട്രാക്ക് ' സംസ്ഥാന ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. പത്തു എം.എല്‍.ഡി യില്‍ താഴെ ശുദ്ധജലമാണ് നിലവില്‍ ജലഅതോറിട്ടി വൈക്കം സബ്ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. വൈക്കം നഗരസഭ ഒഴികെയുള്ള ഏഴു പഞ്ചായത്തുകളായ ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം എന്നീ സ്ഥലങ്ങളില്‍ ജലസംഭരണികളും ജലവിതരണക്കുഴലുകളും സ്ഥാപിച്ചു കഴിഞ്ഞു. വെച്ചൂര്‍ പഞ്ചായത്ത് വേരുവള്ളിയില്‍ നാലുലക്ഷം ലിറ്ററിന്റെയും തലയാഴം പഞ്ചായത്ത് തലയാഴത്ത് നാലുലക്ഷം ലിറ്ററിന്റെയും ടി.വി പുരം പഞ്ചായത്തില്‍ പറക്കാട്ടുകുളത്ത് ഒരു ലക്ഷം ലിറ്ററിന്റെയും ചേരിക്കലില്‍ നാലു ലക്ഷം ലിറ്ററിന്റെയും മൂത്തേടത്തുകാവില്‍ ഒരു ലക്ഷം വീതം സംഭരണശേഷിയുള്ള മൂന്നു സംഭരണികളും നിര്‍മ്മിച്ചു കഴിഞ്ഞു. ഉദയനാപുരം പഞ്ചായത്തില്‍ തുറുവേലിക്കുന്നില്‍ നാലുലക്ഷം ലിറ്ററിന്റെ പുതിയ സംഭരണിയുണ്ട്. മറവന്തുരുത്ത് പഞ്ചായത്ത് ടോള്‍ ജംഗ്ഷനില്‍ നാലുലക്ഷം ലിറ്ററിന്റെയും കൂട്ടുമ്മേല്‍ രണ്ടു ലക്ഷം ലിറ്ററിന്റെയും തലയോലപ്പറമ്പ് പഞ്ചായത്തില്‍ ഡി.ബി കോളേജില്‍ പത്തുലക്ഷം ലിറ്ററിന്റെയും ചെമ്പുപഞ്ചായത്തില്‍ ബ്രഹ്മമംഗലത്ത് നാലുലക്ഷം ലിറ്ററിന്റെയും സംഭരണിയുണ്ട്. ഈ പഞ്ചായത്തുകള്‍ക്കെല്ലാം പുതിയ ജലവിതരണക്കുഴലുകളും ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിംഗ് ലൈനുകളും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. നഗരസഭ പ്രദേശത്ത് വാട്ടര്‍ അതോറിട്ടി സബ്ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന നാല്‍പ്പത് വര്‍ഷം പഴക്കം ചെന്ന ഉപരിതല ജലസംഭരണിക്ക് രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷി മാത്രമേ ഉള്ളൂ. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ടാങ്ക് ഉപയോഗിക്കുവാന്‍ കഴിയാതെ വന്നാല്‍ നഗരസഭാ പ്രദേശത്തെ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം സംജാതമാകും. അയ്യര്‍കുളങ്ങരയില്‍ പി.എച്ച്.ഇ.ഡിക്ക് കൈമാറി നല്‍കിയ സ്ഥലത്ത് സംസ്ഥാന ഗവണ്‍മെന്റ് ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് നഗരസഭ പദ്ധതിയുമായി വന്നിരിക്കുകയാണ്. നഗരസഭയുടെ അധീനതയിലുള്ള ഉദയനാപുരം പഞ്ചായത്തില്‍ വല്ലകം സബ്‌സ്റ്റേഷനു പുറകുവശം നിലവില്‍ യാതൊരു ഉപയോഗവുമില്ലാതെ കിടക്കുന്ന 96 സെന്റ് സ്ഥലത്ത് നഗരസഭയുടെ ഫ്‌ളാറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും 'ട്രാക്ക് ' ആവശ്യപ്പെട്ടു. അയ്യര്‍കുളങ്ങരയിലെ സ്ഥലത്ത് പത്തുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും വാട്ടര്‍ ട്രീറ്റ്‌മെന്റും സ്ഥാപിച്ചാല്‍ നഗരസഭാപ്രദേശത്ത് ഭാവില്‍ ഉണ്ടാകുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നതാണ്. ഈ കാര്യത്തില്‍ വൈക്കം എം.എല്‍.എ യും മറ്റു ജനപ്രതിനിധികളും നഗരസഭ ജലഅതോറിട്ടി ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം.അബു, എ.ബാബു, കെ.ആര്‍ രാജന്‍ കൊല്ലേരില്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.