Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാരയില്‍ പാടശേഖരത്തെ അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് വിത്ത് പാകി.
29/06/2020
വര്‍ഷങ്ങളായി തരിശായി കിടന്ന കാരയില്‍ പാടശേഖരത്ത് സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന നെല്‍കൃഷിയുടെ വിത്ത് പാകല്‍ താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റ് പി.സോമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ 26-ാം വാര്‍ഡില്‍ കാരയില്‍ പാടശേഖരത്തെ അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിക്ക് വിത്ത് പാകി. ദീര്‍ഘകാലമായി തരിശായി പുല്ലും കാടും പിടിച്ച് കിടന്ന പാടശേഖരം ഒരു മാസത്തെ അദ്ധ്വാനം കൊണ്ടാണ് കൃഷിക്ക് യോഗ്യമാക്കിയത്. നഗരസഭ, കൃഷിഭവന്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, വൈക്കം താലൂക്ക് ഫാമിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. 13 സ്ഥല ഉടമകളുടെ സഹകരണവും ഇതിലുണ്ട്. ഞാറ്റുവേല പക്കത്തില്‍ ഞാറ്റുപാട്ടിന്റെ ഈണം മീട്ടി കര്‍ഷക തൊഴിലാളികള്‍ കൃഷിക്ക് വിത്ത് പാകിയത് പഴയകാല സംസ്‌കാരത്തിന്റെ പൈതൃകം വിളിച്ചോതി. ഒരു ഏക്കറിന് നിലം ഉടമയ്ക്ക് അയ്യായിരം രൂപ വീതം നല്‍കി പാട്ടവ്യവസ്ഥയിലാണ് കൃഷിക്ക് സ്ഥലം ഏറ്റെടുത്തത്. ആദ്യം നെല്‍കൃഷിയും, പിന്നീട് കാലാവസ്ഥയ്ക്ക് അനുകൂലമായ മറ്റ് കൃഷികളും നടപ്പാക്കാനാണ് ലക്ഷ്യം. നഗരസഭ പ്രദേശങ്ങളില്‍ തരിശായി കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും ഘട്ടംഘട്ടമായി ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ കൃഷി നടപ്പാക്കി സ്വയം പര്യാപ്തത നേടുകയാണ് ലക്ഷ്യം. കൊറോണക്കാലത്തെ അതിജീവനത്തിന്റെ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സംഘം പ്രസിഡന്റ് പി.സോമന്‍പിള്ള വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ചന്ദ്രബാബു എടാടന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജിനിപ്രകാശന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ഡോ. എന്‍.കെ ശശിധരന്‍, കെ.പി അശോകന്‍, പൊന്നപ്പന്‍ കാലാക്കല്‍, കെ.കെ സചിവോത്തമന്‍, ടി.എം അര്‍ച്ചന, ആര്‍.അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.