Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷിയ്ക്കുള്ള പമ്പിങ് സബ്‌സിഡി ലഭിക്കാത്തത് കര്‍ഷകരെ കടബാധ്യതയിലാക്കുന്നു.
27/06/2020

വൈക്കം: അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷിയ്ക്കുള്ള പമ്പിങ് സബ്‌സിഡി ലഭിക്കാത്തത് കര്‍ഷകരെ കടബാധ്യതയിലാക്കുന്നു. 2018 മുതലുള്ള രണ്ടു പുഞ്ച കൃഷിയുടെയും ഒരു വിരിപ്പു കൃഷിയുടേതുമടക്കം ആറു കോടി രൂപയാണ് ജില്ലയില്‍ വിതരണം നടത്താനുള്ളത്. നെല്‍കൃഷിക്കാവശ്യമായ, വെള്ളം വറ്റിക്കാനുള്ള അനുമതി ലേലം ചെയ്തു നല്‍കുന്നത് പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ ആണ്. എന്നാല്‍ പമ്പിങ് സബ്‌സിഡിക്കുവേണ്ടി കോണ്‍ട്രാക്ടര്‍മാരും പാടശേഖരസമിതി ഭാരവാഹികളും പുഞ്ച സ്‌പെഷ്യല്‍ ഓഫീസില്‍ മാസങ്ങളായി കയറിയിറങ്ങുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഭൂരിഭാഗം കോണ്‍ട്രാക്ടര്‍മാരും പാടശേഖരസമിതികളും സ്വര്‍ണം പണയം വച്ചും മറ്റും പലിശയ്ക്ക് പണം വാങ്ങിയാണ് നിലനിന്നുപോരുന്നത്. കഴിഞ്ഞ മൂന്നു കൃഷിയുടെ പമ്പിംഗ് സബ്‌സിഡി ലഭിക്കാതായതോടെ പാടശേഖര സമിതികള്‍ക്കും കരാറുകാര്‍ക്കും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇപ്പോള്‍ ഇറക്കിയ വര്‍ഷകൃഷിയുടെ മുന്നൊരുക്കമായ പുറംബണ്ട് സംരക്ഷണം പോലും സാമ്പത്തിക പ്രതിസന്ധി മൂലം നടത്താന്‍ കഴിയാത്തതിനാല്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മുഴുവന്‍ കര്‍ഷകരും. ഇതുവരെയുള്ള പമ്പിംഗ് സബ്‌സിഡി ഒരുമിച്ചു കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയുകയുള്ളു എന്ന സാഹചര്യമാണ്. കര്‍ഷകരെ ഒന്നടങ്കം ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍പ്പെട്ട വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലെ എം.എല്‍.എമാര്‍ ഇടപെടണമെന്ന് സി.പി.ഐ എം.എല്‍ റെഡ് ഫ്‌ളാഗ് ജില്ലാ സെക്രട്ടറി സി.എസ് രാജു ആവശ്യപ്പെട്ടു.