Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കക്കാ തൊഴിലാളികളും കക്കാ വ്യവസായവും പ്രതിസന്ധിയിലേക്ക്.
25/06/2020

വൈക്കം: വേമ്പനാട്ട് കായലില്‍നിന്നും കക്കാ വാരി ഉപജീവനം നടത്തുന്ന കക്കാ തൊഴിലാളികളും കക്കാ വ്യവസായവും പ്രതിസന്ധിയിലേക്ക്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍തോതില്‍ കക്കാ കയറ്റി അയച്ചിരുന്നത് നിലച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ മുതലാളിമാരും ചൂള വ്യവസായികളും പാവപ്പെട്ട കക്കാ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് വൈക്കം ഇറച്ചി കക്കാ സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം ആരോപിച്ചു. നിയമപരമായി സര്‍ക്കാരിലേക്ക് അടക്കേണ്ട റോയല്‍റ്റിയും വില്‍പന നികുതിയും അടക്കമുള്ള നികുതികളൊന്നും അടക്കാതെയാണ് ആയിരക്കണക്കിന് ടണ്‍ കക്കാ അനധികൃതമായി കടത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ രംഗത്തെ തൊഴിലാളികളുടെ സംരക്ഷണത്തിനും സര്‍ക്കാരിലേക്ക് നിയമപരമായി അടക്കേണ്ട നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുമായാണ് വൈക്കം ഇറച്ചി കക്കാ സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം രൂപീകരിച്ചത്. എന്നാല്‍ സംഘത്തിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് പനമ്പുകാട്, ചെമ്മനാകരി, ചെമ്പ്, കാട്ടിക്കുന്ന്, മുറിഞ്ഞപുഴ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ചൂള വ്യവസായികളും കക്കാ വ്യവസായികളും വന്‍തോതിലാണ് കക്ക കടത്തുന്നത്. ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനും നിയമവിരുദ്ധമായി കക്കാ കടത്തിക്കൊണ്ടു പോകുന്നതിനും എതിരായി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്ന് വൈക്കം ഇറച്ചി കക്കാ സംഭരണ സംസ്‌കരണ ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം (കെ. 1228) പ്രസിഡന്റ് കെആര്‍ കുഞ്ഞുമണി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബോര്‍ഡ് മെമ്പര്‍മാരായ കെകെ ശശികുമാര്‍, ഷിബു കോമ്പാറ, സെക്രട്ടറി ടിഎം മജീഷ് എന്നിവര്‍ പങ്കെടുത്തു.