Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒറ്റമുറി കുടിലിലും 'വെളിച്ചം' എത്തി
20/06/2020

വൈക്കം: പഴയ ഫ്‌ളക്‌സുകള്‍ മറച്ച തങ്ങളുടെ ഒറ്റമുറി കുടിലിലും വെളിച്ചമെത്തിയതിന്റെ സന്തോഷത്തിലാണ് അവര്‍ അഞ്ചുപേര്‍. പഴയ ഫ്‌ളക്‌സുകള്‍ കൊണ്ടു മറച്ച ഒരു ഒറ്റ മുറി. സിമന്റ് തേച്ച തറയില്‍ ഇവര്‍ക്കുറങ്ങാന്‍ ഒറ്റ പായ മാത്രം. പത്താംക്ലാസു മുതല്‍ താഴോട്ടുപഠിക്കുന്ന അഞ്ചു സഹോദരങ്ങള്‍ക്കും കൂടി പഠിക്കാന്‍ ഒരു മേശയും കസേരയും മാത്രം. കുടിലിനോട് ചേര്‍ന്ന് തന്നെയാണ് ഇവരുടെ പശുവും ആടുമെല്ലാം കഴിയുന്നത്. വെളിച്ചത്തിന് ആശ്രയം ഇന്നലെ വരെ മണ്ണെണ്ണ വിളക്കു മാത്രം. ഉദയനാപുരം നേരേകടവ് 17-ാം വാര്‍ഡില്‍ തൃപ്പല്ലിക്കാട്ട് സുരേഷിന്റെ കുടിലിലെ കാര്യങ്ങളാണിത്. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്താത്ത വീടുകള്‍ കണ്ടെത്തി കറന്റ് നല്‍കാനുള്ള ശ്രമത്തിനിടയിലാണ് സുമ-സുരേഷ് കുടുംബത്തിന്റെ പരിതാപകരമായ അവസ്ഥ അറിയുന്നത്. അച്ഛനും അമ്മയും അഞ്ചു കുട്ടികളും താമസിക്കുന്നത് ഈ ഒറ്റമുറി ഫ്‌ളക്‌സ് മറയ്ക്കുള്ളിലാണ്. വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. മഴപെയ്താല്‍ വീടിനു ചുറ്റും അഴുക്കുവെള്ളം കെട്ടി നില്‍ക്കും. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഈ വീട്ടിലേക്കെത്താന്‍ ഒരു പൊതുവഴി പോലുമില്ല. മറ്റുവീടുകളിലൂടെ കയറിയേ സുരേഷിന്റെ വീട്ടിലെത്താന്‍ കഴിയൂ. ഇവരുടെ ദുരവസ്ഥ കണ്ട് കെ.എസ്.ഇ.ബി വൈക്കം സെക്ഷനിലെ ജീവനക്കാര്‍ വൈദ്യൂതി കണക്ഷന്‍ നല്‍കി. മനുഷ്യോചിതമായ ചുറ്റുപാടുകള്‍ ഇവര്‍ക്ക് ഇനിയും അകലെയാണ്. അധികാരികളുടെയും സുമനസ്സുകളുടെയും കാരുണ്യവും പരിഗണനയും ഈ കുടുംബത്തിനും കുട്ടികള്‍ക്കുമേല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.