Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പുത്തന്‍കായല്‍ തുരുത്തില്‍ വൈദ്യൂതി ബന്ധം പുനസ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സി.കെ ആശ എം.എല്‍.എ
18/06/2020

വൈക്കം: വെച്ചൂര്‍ പുത്തന്‍കായല്‍ തുരുത്തില്‍ വൈദ്യൂതി ബന്ധം പുനസ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. ആറുമാസങ്ങള്‍ക്ക് മുന്‍പ് വിച്ഛേദിക്കപ്പെട്ട കണക്ഷനാണ് പുനസ്ഥാപിക്കുന്നത്. 800 ഏക്കറോളം വരുന്ന പുത്തന്‍കായല്‍ തുരുത്തില്‍ കായലിലെ ജലനിരപ്പിനെക്കാള്‍ താഴെയാണ് കൃഷിഭുമി. തെങ്ങും വാഴയുമാണ് പ്രധാനകൃഷി. നൂറുകണക്കിന് കര്‍ഷകര്‍ നേരിട്ടും പാട്ടത്തിനുമായി കൃഷി ചെയ്യുന്ന ഇവിടെ വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച വൈദ്യൂതി കണക്ഷനാണ് കുടിശ്ശിഖയെത്തുടര്‍ന്ന് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. കൃഷിവകുപ്പിന്റെ സബ്‌സിഡിയോടുകൂടി അനുവദിക്കപ്പെട്ട കണക്ഷന്റെ ബില്‍ തുകകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് അടച്ചിരുന്നത്. കര്‍ഷകരില്‍ നിന്നും പമ്പിങ്ങ് നേര്‍മയായി പിരിച്ചെടുക്കുന്ന തുകയാണ് ഇതിനായി വിനിയോഗിച്ചിരുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ നേര്‍മ പിരിക്കുന്നതിനും വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നതും പ്രതിസന്ധിയിലായി. ഇതേതുടര്‍ന്ന് പലതവണ കെ.എസ്.ഇ.ബി കണക്ഷന്‍ വിച്ഛേദിച്ചു. സി.കെ ആശയുടെ ഇടപെടലിനെ തുടര്‍ന്ന് കണക്ഷന്‍ താല്‍ക്കാലികമായി പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ ഡിസംബറില്‍ പൂര്‍ണ്ണമായും വിച്ഛേദിച്ചു. ഇതോടെ ഇവിടുത്തെ കൃഷിയും പ്രതിസന്ധിയിലായി. തുടര്‍ന്ന് എം.എല്‍.എ യുടെ അഭ്യര്‍ത്ഥനപ്രകാരം കൃഷിവകുപ്പ് മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായത് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. വൈദ്യൂതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിസന്ധികളില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.