Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്നും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുവാനുള്ള ചരിത്രനഗരിക്ക് വീണ്ടും ഒരു നഷ്ടക്കച്ചവടം.
21/03/2016

എന്നും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുവാനുള്ള ചരിത്രനഗരിക്ക് വീണ്ടും ഒരു നഷ്ടക്കച്ചവടം. കാലങ്ങളായി ചരിത്രനഗരിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സബ് ആര്‍.ടി ഓഫീസിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. താലൂക്ക് വികസനസമിതിയും ഇപ്പോഴത്തെ നഗരസഭ ഭരണസമിതിയും രൂപീകരിച്ചിരിക്കുന്ന സബ്കമ്മിററിയുടെ ബലത്തിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് വൈക്കത്തെ ആര്‍.ടി.ഓഫീസിന് അനുകൂലമായില്ലെങ്കില്‍ ഭാഗികമായി ഇതിന്റെ പ്രവര്‍ത്തനം കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മോനിപ്പിള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച പുതിയ ഓഫീസിലേക്ക് മാറും. കഴിഞ്ഞ നഗരസഭ ഭരണസമിതി ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ട് ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹനവകുപ്പിനെ സമീപിച്ചു. ഈ പ്രദേശത്ത് വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി പുതിയ സംരഭങ്ങള്‍ ആരംഭിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും വാഹനവകുപ്പിനെ അറിയിച്ചു. ഇതിനുശേഷം വാഹനവകുപ്പ് അധികാരികള്‍ നഗരസഭയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുകുളങ്ങരയില്‍ വാട്ടര്‍ അഥോറിട്ടിക്ക് നല്‍കിയ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം വിട്ടുനല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ വാട്ടര്‍ അഥോറിട്ടി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഇതിനുശേഷം വല്ലകം സബ്‌സ്റ്റേഷന്റെ പിറകില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കാടുപിടിച്ചുകിടക്കുന്ന സ്ഥലം വിട്ടുകിട്ടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതിനിടയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തി കടുത്തുരുത്തി കേന്ദ്രീകരിച്ച് മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആര്‍.ടി ഓഫീസിനുവേണ്ടി നീക്കങ്ങള്‍ ആരംഭിച്ചു. അതായത് പുതിയ കേന്ദ്രനയം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥലം നല്‍കിയാല്‍ ആധുനിക രീതിയിലുള്ള ഓട്ടോമാററിക് ടെസ്റ്റിംഗ് ട്രാക്കിനുള്ള യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കും. ഇത് കടുത്തുരുത്തിയിലെ ജനപ്രതിനിധികള്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ ഭരണസമിതിയും എം.എല്‍.എയുമെല്ലാം വേണ്ടവിധത്തില്‍ ഇടപെടലുകള്‍ നടത്താതെ വന്നപ്പോള്‍ വൈക്കത്തിന് തിരിച്ചടിയുണ്ടായി. മോനിപ്പള്ളിയിലെ ടെസ്റ്റിംഗ് ട്രാക്ക് പ്രവര്‍ത്തനസജ്ജമായ സ്ഥിതിക്ക് വരും നാളുകളില്‍ വൈക്കത്തു നടക്കുന്ന വാഹനങ്ങളുടെ ഫിററ്‌നസ് സര്‍ട്ടിഫിക്കററ് നല്‍കലും ഡ്രൈവിംഗ് ടെസ്റ്റുമെല്ലാം വൈക്കത്തിന് നഷ്ടപ്പെട്ടേക്കാം. ഇതോടെ ഓഫീസിന്റെ പ്രവര്‍ത്തനം പേരിനു മാത്രമാകും. പതുക്കെ ജീവനക്കാരെ മോനിപ്പള്ളിയിലേക്ക് വലിക്കുകയും ചെയ്യും. ഇതിനെല്ലാം ഇപ്പോള്‍ വിലങ്ങുതടിയായിരിക്കുന്നത് പുതിയ ഭരണസമിതി രൂപീകരിച്ചിരിക്കുന്ന സബ്കമ്മിററിയാണ്. സബ്കമ്മിററി നല്‍കുന്ന റിപ്പോര്‍ട്ട് വൈക്കത്തെ വാഹനവകുപ്പിന് അനുകൂലമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിയണം. കാരണം നഗരസഭയുടെ ഏക്കര്‍ കണക്കിന് ഭൂമിയാണ് തരിശുകിടക്കുന്നത്. ഇവിടെയെല്ലാം വാഹനവകുപ്പിന് വേണ്ടി സൗകര്യമൊരുക്കുവാന്‍ അധികാരികള്‍ക്ക് കഴിയണം.