Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
19/03/2020

വൈക്കം: താലൂക്കില്‍ കോവിഡ് 19 പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സമുദായ സംഘടന പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 50 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടാകാതെ മസ്ജിദുകളില്‍ നമസ്‌കാരം നിയന്ത്രിക്കുമെന്ന് ജമാഅത്ത് പ്രതിനിധികള്‍ അറിയിച്ചു. എല്ലാ കരയോഗങ്ങളിലും ഉത്സവങ്ങളും മറ്റും നിര്‍ത്തലാക്കുന്നതിന് സര്‍ക്കുലര്‍ നല്‍കിയതായി എന്‍.എസ്.എസ് യൂണിയന്‍ പ്രതിനിധി പറഞ്ഞു. ആറ്റുവേല ചടങ്ങിനുമാത്രം നടത്തുമെന്നും ജനത്തെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ദേവസ്വം പ്രതിനിധി അറിയിച്ചു. ഇന്നത്തെ ഊട്ടുനേര്‍ച്ച മുതല്‍ എല്ലാ ചടങ്ങുകളും നിര്‍ത്തലാക്കിയെന്നും 50ല്‍ താഴെമാത്രം പേരെ ഉള്‍പ്പെടുത്തി കുര്‍ബാന നടത്തുന്നതിന് ശ്രമിക്കുമെന്ന് ഫൊറോന പ്രതിനിധി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ശാഖായോഗങ്ങള്‍ ഒഴിവാക്കണമെന്നും ചടങ്ങുകള്‍ നിയന്ത്രിച്ചു നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിശ്വകര്‍മസഭ പ്രതിനിധി അറിയിച്ചു. ബിവ്‌റേജസിലെ ക്യു ഒഴിവാക്കുന്നതിനും ഷാപ്പുകളിലെ പരിശോധന കര്‍ശനമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കെ.യു.എം.എസ് പ്രതിനിധി ആവശ്യപ്പെട്ടു. ശാഖകളിലേക്ക് രേഖാമൂലം അറിയിപ്പ് നല്‍കണമെന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രതിനിധി പറഞ്ഞു. ആശുപത്രിയിലെ രോഗീസന്ദര്‍ശനം, ഉച്ചക്കുശേഷമുള്ള ഒ.പി സന്ദര്‍ശനം എന്നിവ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാര്‍ക്ക് അടക്കുന്നതിനും ബീച്ച് ഉള്‍പ്പെടെയുള്ള കുടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. മത്സ്യമാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക യോഗം വിളിക്കാനും, സപ്ലൈക്ക മാര്‍ക്കറ്റുകളില്‍ തിരക്കൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വൈ ജയകുമാരി, പത്മ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത്, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, വൈക്കം ഡി.വൈ.എസ്.പി സി.ജി സനല്‍കുമാര്‍, നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, പ്രതിപക്ഷനേതാവ് എം.ടി അനില്‍കുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.