Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടവര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ പാടം നികത്തി റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
16/03/2020
വേമ്പനാകരി പാടശേഖരം നികത്തി റോഡ് നിര്‍മ്മിക്കാന്‍ പൂഴിയുമായി വന്ന ലോറി ജനകീയ ജലസ്രോതസ്സ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തടയുന്നു.

വൈക്കം: ടവര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ പാടം നികത്തി റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദയനാപുരം പഞ്ചായത്തില്‍പ്പെട്ട വേമ്പനാകരി പാടശേഖരത്താണ് കെ.എസ്.ഇ.ബി ക്കു വേണ്ടി ടവര്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ മറവില്‍ നിയമവിരുദ്ധമായി പൂഴിയിറക്കി റോഡ് നിര്‍മ്മിക്കുകയാണെന്ന് ജനകീയ ജലസ്രോതസ്സ് സംരക്ഷണ സമിതി ആരോപിച്ചു. പൂഴിയിറക്കുന്നത് തടയുകയും ചെയ്തു. തഹസില്‍ദാറും വില്ലേജ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വൈക്കം-മുട്ടുങ്കല്‍ റോഡിന്റെ ഓരത്താണ് കെട്ടിടാവശിഷ്ടങ്ങളും പൂഴിയും ഇറക്കി പത്തു മീറ്ററോളം ഭാഗം നികത്തിയത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂഴിയിറക്കുന്നത് നിര്‍ത്തി. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ 40 ഏക്കറോളം വരുന്നതാണ് വേമ്പനാകരി പാടശേഖരം. കുട്ടനാട് പാക്കേജില്‍പ്പെടുത്തി പുറംബണ്ട് നിര്‍മ്മിച്ച് കൃഷി വികസിപ്പിക്കുവാന്‍ നടപടിയായ സാഹചര്യത്തില്‍ അനധികൃതമായി പാടം നികത്തി റോഡ് നിര്‍മ്മിക്കുന്നത് പദ്ധതി ലക്ഷ്യത്തിന് തടസ്സമാകുമെന്ന് ജനകീയ സമിതി ആരോപിച്ചു. നികത്തിയ ഭാഗം പൂഴിയും അവശിഷ്ടങ്ങളും മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കി നീരൊഴുക്കിനുള്ള സൗകര്യം ഒരുക്കണമെന്ന് ജനകീയ സമിതി ചെയര്‍മാന്‍ പി.ഡി രാജന്‍, സെക്രട്ടറി ആര്‍.ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.