Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിര ചരക്കുവാഹന തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ പ്രക്ഷോഭത്തില്‍
14/03/2020

വൈക്കം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുന്നില്‍ കണ്ട് ക്രഷര്‍ ഉടമകള്‍ ഏകപക്ഷീയമായി എം സാന്റ്, മെറ്റല്‍ തുടങ്ങിയ ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരടിക്ക് 4 രൂപ മുകളിലാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ജനുവരി മാസം അവസാനത്തോടു കൂടിയാണ് വില വര്‍ദ്ധിപ്പിച്ചത്. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വില വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായത്തോടെയുള്ള ഭവനനിര്‍മ്മാണം, പ്രളയപുനര്‍നിര്‍മ്മാണം, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയെല്ലാം ഇക്കാരണം മൂലം പ്രതിസന്ധിയിലാണ്. വിലവര്‍ദ്ധനവ് വരുത്തിയപ്പോള്‍ ചരക്ക് വാഹനതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ മുളക്കുളം, ഞീഴൂര്‍, ഇലഞ്ഞി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുതിരവേലില്‍, പെരുമാലില്‍, തോംസണ്‍, സെന്റ്.മേരീസ്, ശ്രീനാരായണ എന്നീ ക്രഷറുകളില്‍ നോട്ടീസ് നല്‍കി. മൂന്ന് തവണ നടന്ന ചര്‍ച്ചകളില്‍ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുവാന്‍ ക്രഷറുടമകള്‍ തയ്യാറായില്ല. അതിനാല്‍ യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 മുതല്‍ തൊഴിലാളികള്‍ ബഹിഷ്‌ക്കരണ സമരം ആരംഭിച്ചു. 24 ദിവസം പൂര്‍ത്തീകരിച്ചിട്ടും ഉടമകള്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കാന്‍ കഴിയില്ല എന്ന ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത്. പണവും ഗുണ്ടാസംഘങ്ങളെയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതിനുള്ള നീക്കവും ഉടമകള്‍ ആരംഭിച്ചിരിക്കുന്നു. കള്ളപ്രചാരണങ്ങള്‍ നടത്തി തൊഴിലാളികളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരരംഗത്ത് ഉറച്ച് നില്‍ക്കുകയാണ്. ജില്ലാകളക്ടര്‍ അദ്ധ്യക്ഷനായ അവലോകനസമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് മാത്രമേ കരിങ്കല്ല് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ എന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ക്രഷര്‍ ഉടമകളുടെ ഏകപക്ഷീയ നടപടികള്‍ നടക്കുന്നത്. അതിനാല്‍ ചരക്ക് വാഹന തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യൂ വിന്റെ നേതൃത്വത്തില്‍ 16 മുതല്‍ ക്രഷറുകളുടെ മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കും. പോലീസ് സംവിധാനം ഉപയോഗിച്ച് തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുന്നതു വരെ അതിശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് യൂണിയന്‍ തലയോലപ്പറമ്പ് ഏരിയാ പ്രസിഡന്റ് വി.റ്റി പ്രതാപനും സെക്രട്ടറി എ.കെ രജീഷും പറഞ്ഞു. പത്രസമ്മേളനത്തില്‍ വി.റ്റി പ്രതാപന്‍, എ.കെ രജീഷ്, ട്രഷറര്‍ അജിത്ത് സോമന്‍ എന്നിവര്‍ പങ്കെടുത്തു.