Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗബാധിതരായ മൂന്നംഗ കുടുംബം പ്രളയം തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്തിയുറങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുന്നു.
14/03/2020
പടുതകെട്ടിയ കൂരയ്ക്കു മുന്നില്‍ രോഗികളായ കുഞ്ഞമ്മയും സുഗുണനും അംബികയും.

വൈക്കം: പ്രളയം തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്തിയുറങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് രോഗബാധിതരായ മൂന്നംഗ കുടുംബം. നഗരസഭ എട്ടാം വാര്‍ഡില്‍ ഉപ്പുതറയില്‍ കുഞ്ഞമ്മ (85), സഹോദരന്‍ സുഗുണന്‍ (65), ഭാര്യ അംബിക (50) എന്നിവരാണ് ദുരിതത്തിലായത്. കൈക്കും കാലിനും സ്വാധീനം കുറഞ്ഞ കുഞ്ഞമ്മയുടെയും വൃക്കരോഗിയായ സുഗുണന്റെയും സംരക്ഷണവും കുടുംബത്തെ ഏറെ അലട്ടുന്നു. ഇവരുടെ കാര്യങ്ങള്‍ നോക്കി അലയുന്ന അംബികയും ക്ഷീണിതയാണ്. 2018ല്‍ ഉണ്ടായ വെള്ളപ്പൊക്കമാണ് കുടുംബത്തിന് ദുര്‍വിധിയായത്. കല്ലുകെട്ടി മേഞ്ഞ വീടിന്റെ ഭിത്തികള്‍ ജീര്‍ണ്ണാവസ്ഥയിലായി ഇടിഞ്ഞു വീണതോടെ മേല്‍ക്കൂര പോലും ഇല്ലാതായി. രോഗികളായ കുഞ്ഞമ്മയ്ക്കും സുഗുണനും തലചായ്ക്കാന്‍ ഇടമില്ല. നാല്‍ക്കാല്‍നാട്ടി പടുതകെട്ടി മറച്ച ഒരു കുടിലിനുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ് ഇവര്‍. കഴിഞ്ഞദിവസം ഉണ്ടായ വേനല്‍ മഴയില്‍ വീട്ടുപകരണങ്ങളെല്ലാം പെയ്ത്തുവെള്ളത്തിലലിഞ്ഞു. ഇരുളടഞ്ഞ ജീവിതത്തിനു മുന്നില്‍ നിസഹയരായ ഈ കുടുംബം സുമനസ്സുകളുടെ കാരുണ്യം കാത്തുകഴിയുകയാണ്. കുടികിടപ്പായി കിട്ടിയ അഞ്ചു സെന്റ് സ്ഥലമാണ് ആകെയുള്ളത്. മകളുടെ വിവാഹത്തിനായി വായ്പയെടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ ബാങ്ക് നടപടി നേരിടുകയാണ്. വീട് പുനര്‍നിര്‍മാണത്തിന് ഇത് തടസ്സമായി. കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വൈക്കം റോട്ടറി ക്ലബ് വീടുനിര്‍മ്മിച്ചു കൊടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ബാധ്യത നിലനില്‍ക്കുന്നതിനാല്‍ വീട് നിര്‍മാണത്തിന് ഇത് തടസ്സമായി. കുടുംബത്തിന്റെ ദയനീയ സ്ഥിതിയറിഞ്ഞ് വൈക്കം റോട്ടറി ക്ലബ് വീടു നിര്‍മിച്ചു കൊടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷേ ബാധ്യത നിലനില്‍ക്കുന്നതിനാല്‍ വീട് നിര്‍മാണത്തില്‍ നിയമതടസങ്ങളുണ്ട്. കടബാധ്യത തീര്‍ത്ത് വീട് നിര്‍മിച്ചു കൊടുക്കുവാനുള്ള സാമ്പത്തിക ഭദ്രത ക്ലബ്ബിനില്ലെന്ന് പ്രസിഡന്റ് ഇ.കെ ലൂക്ക് പറഞ്ഞു. സുമസ്സുകളുടെ കൂട്ടായ്മയില്‍ കടബാധ്യത തീര്‍ക്കുവാന്‍ തയ്യാറായാല്‍ ഒരു മാസത്തിനുള്ളില്‍ വാസയോഗ്യമായ വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ തയ്യാറാണെന്ന് ഇ.കെ ലൂക്കും മെമ്പര്‍ കൂട്ടിപറമ്പില്‍ കെ.സി ചാണ്ടിയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. സുമനസ്സുകള്‍ കുടുംബത്തിന്റെ സഹായത്തിനായി എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ എബ്രഹാം പഴയകടവനും പറഞ്ഞു.