Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒന്‍പത് നില തേര് നിര്‍മ്മിച്ച് അതിനു മുകളില്‍ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം.
28/02/2020
പൂങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരക്കാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നവനില തേരില്‍ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍

വൈക്കം: ഒന്‍പത് നില തേര് നിര്‍മ്മിച്ച് അതിനു മുകളില്‍ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ആചാരനുഷ്ഠാനമാണിത്. പൂങ്കാവ് ക്ഷേത്രത്തിലെ പ്രത്യേകതയാണ് തേരൊരുക്കി ഉത്സവാഘോഷം. ഇടയാഴം 1131-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ കരക്കാരുടെ കൂട്ടായ്മയിലാണ് തേര് നിര്‍മ്മിക്കുന്നത്. തേക്കിന്‍ കഴകള്‍ നിരത്തിയാണ് തേര് നിര്‍മ്മിക്കുന്നത്. ഒന്‍പതാം നിലയില്‍ ശ്രീകോവില്‍ മാതൃകയൊരുക്കി ഭഗവതിയെ പ്രതിഷ്ഠിക്കുന്നതാണ് പ്രധാന ചടങ്ങ്. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വാരനാട്ട് ദേവിയും കിഴക്ക് ഭാഗത്ത് പൂങ്കാവ് ഭഗവതിയും കുടികൊള്ളുന്നു എന്നതാണ് വിശ്വാസം. വേമ്പനാട്ട് കായലിന്റെ ഇരുകരകള്‍ക്കും അഭിമുഖമായാണ് ദേവിമാരുടെ പ്രതിഷ്ഠ. കരക്കാര്‍ വഴിപാടായി സമര്‍പ്പിക്കുന്ന നൂറ് കണക്കിന് വാഴക്കുലകള്‍ കെട്ടി നിരത്തി അലങ്കാരങ്ങള്‍ ഒരുക്കിയാണ് തേര് വര്‍ണാഭമാക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച തേരിന് വര്‍ണദീപങ്ങളുടെ പ്രഭ ദൃശ്യഭംഗിയേകുന്നു. താലപ്പൊലി, ഗരുഡന്‍ തൂക്കം, ഓട്ടന്‍തുള്ളല്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ എമ്പ്രാന്‍ ദേവിയുടെ വിഗ്രഹം തേരില്‍ പ്രതിഷ്ഠിച്ചു. കരയോഗം പ്രസിഡന്റ് ജഗദീഷ് കുമാര്‍, സെക്രട്ടറി രാമചന്ദ്രന്‍ നായര്‍, ദേവസ്വം പ്രസിഡന്റ് ആശാലയം ചന്ദ്രശേഖരന്‍, സെക്രട്ടറി ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.