Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ആലപ്പുഴ കലക്ടറ്റേില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
27/02/2020
നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ആലപ്പുഴ കലക്ടറ്റേില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം.

വൈക്കം: മാക്കേകടവ്-നേരേകടവ് പാലത്തിന്റെ നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പാലം നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കാനും ആഴ്ചതോറും യോഗം ചേര്‍ന്ന് നിര്‍മാണ പുരോഗതി വിലയിരുത്തി മുന്നോട്ടുപോകാനും യോഗത്തില്‍ ധാരണയായി. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്ക് സമയക്രമവും നിശ്ചയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബറില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് യോഗം വിലയിരുത്തി. ഇന്നലെ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എം.പിമാരായ എ.എം ആരിഫ്, തോമസ് ചാഴികാടന്‍, സി.കെ ആശ എം.എല്‍.എ, ജില്ലാ കളക്ടര്‍ എം.അഞ്ജന, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സുനില്‍കുമാര്‍, മുന്‍ പ്രസിഡന്റ് സാബു പി.മണലൊടി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഇരുകരകളിലെയും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും മറ്റും കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മുടങ്ങി കിടന്നിരുന്ന നിര്‍മാണത്തിനാണ് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുന്നത്. നിയുക്ത തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണിത്. നിര്‍മാണത്തിന്റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. നൂറുകോടി രൂപ ചിലവിട്ടു നിര്‍മിക്കുന്ന നേരേകടവ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വൈക്കത്തും നിന്നും കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്. ശബരിമല ഇടത്താവളമായ തുറവൂരില്‍ നിന്നും വൈക്കം വഴി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും. പിന്നോക്ക വിഭാഗങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഉദയനാപുരം പഞ്ചായത്തിലെ നേരേകടവ് പ്രദേശത്തിന്റെ വികസനമുരടിപ്പിന് മാറ്റം വരുന്നതിനും ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും.