Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍.ഡിഎസ്.എ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് വൈക്കം താലൂക്കില്‍ പൂര്‍ണം.
20/02/2020

വൈക്കം: സി.പി.ഐ ഭരിക്കുന്ന റവന്യു വകുപ്പിനോടും ജീവനക്കാരോടും ധനകാര്യ വകുപ്പ് വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് പാര്‍ട്ടി അനുകൂല സംഘടനയായ കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആര്‍.ഡിഎസ്.എ) സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്ക് വൈക്കം താലൂക്കില്‍ പൂര്‍ണം. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാരിനെ വെല്ലുവിളിച്ച് ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. ധനവകുപ്പ് റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. വൈക്കം താലൂക്കിലും കീഴിലുള്ള വില്ലേജ് ഓഫീസുകളിലുമായി ആകെയുള്ള 175 ജീവനക്കാരില്‍ 157 പേരും പണിമുടക്കില്‍ പങ്കെടുത്തു. 13 വില്ലേജ് ഓഫീസുകള്‍ അടഞ്ഞുകിടന്നു. വില്ലേജ് ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫിസര്‍ പദവിയുയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യൂ വകുപ്പിനോടുള്ള വിവേചനം അവസാനിപ്പിക്കുക, ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. താലൂക്ക് ഓഫിസിനു മുന്നില്‍ ചേര്‍ന്ന പ്രതിഷേധയോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍.സുദേവന്‍, കെ.പി ദേവസ്യ, പി.ആര്‍ ശ്യാംരാജ്, കെ.വി ഉദയന്‍, പി.ബി സാജന്‍ എന്നിവര്‍ പ്രസംഗിച്ചു.