Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ വില്ലേജിലെ ഭൂമിയുടെ ന്യായവില അപാകതകള്‍ പരിഹരിച്ച് അടിയന്തിരമായി പുനര്‍ണയിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍.
14/02/2020

വൈക്കം: താലൂക്കിലെ മറ്റുവില്ലേജുകളെ അപേക്ഷിച്ച് ഉയര്‍ന്ന ന്യായവിലയുള്ള വെച്ചൂര്‍ വില്ലേജിലെ ഭൂമിയുടെ ന്യായവില അപാകതകള്‍ പരിഹരിച്ച് അടിയന്തിരമായി പുനര്‍ണയിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതുസംബന്ധിച്ച് സി.കെ ആശ എം.എല്‍.എ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമായത്. അപ്പര്‍കുട്ടനാടന്‍ കൃഷിയിടങ്ങളും അവികസിതമായ പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഗ്രാമപ്രദേശമായ വെച്ചൂരില്‍ ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്ന ന്യായവില വിപണി വിലയേക്കാള്‍ കൂടുതലാണ്. ഇതുമൂലം ഭൂമി വില്‍പ്പന നടത്താന്‍ പോലും കഴിയാതെ വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. നിലവിലെ ന്യായവില പ്രകാരം പ്രധാന റോഡിനിരുവശവും നിശ്ചയിച്ചിരിക്കുന്ന ന്യായവില തന്നെയാണ് ഉള്‍പ്രദേശങ്ങളിലെ നിലമായ പ്രദേശങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഈ വില്ലേജിന്റെ അതിര്‍ത്തി പങ്കിടുന്ന കല്ലറ, തലയാഴം, ആര്‍പ്പൂക്കര, അയ്മനം തുടങ്ങിയ വില്ലേജുകളിലെ ന്യായവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വെച്ചൂര്‍ വില്ലേജിലെ വസ്തുവിന്റെ ന്യായവില വളരെ ഉയര്‍ന്നതാണ്. ഈ സാഹചര്യം കണക്കിലെടുത്ത് വെച്ചൂരിലെ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. ഭൂമിയുടെ നിലവിലെ ന്യായവില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപകാറ്റഗറികള്‍ കൂടി പരിഗണിച്ച് ഭൂമിയുടെ ന്യായവില നിര്‍ണയിക്കുന്നതിനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മറുപടി പറഞ്ഞു. എന്നാല്‍ സംസ്ഥാനതലത്തില്‍ ഇതു നടപ്പിലാക്കാന്‍ വരുന്ന കാലതാമസം വെച്ചൂരിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് സി.കെ ആശ മന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് വെച്ചൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണയത്തിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.