Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തില്‍ കാവടിയാടി അഭിഷേകം നടത്തി
08/02/2020
വൈക്കം സമൂഹത്തിന്റെ പഞ്ചാമൃതക്കാവടി വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തില്‍ വ്രതശുദ്ധിയോടെ എത്തിയ നൂറ് കണക്കിന് ഭക്തര്‍ കാവടിയാടി അഭിഷേകം നടത്തി. വിവിധകേന്ദ്രങ്ങളിലെ കാവടി സമാജങ്ങളുടെ നേതൃത്വത്തില്‍ പാല്‍ക്കാവടി, ഭസ്മക്കാവടി, പഞ്ചാമൃതക്കാവടി, പൂക്കാവടി, നിലക്കാവടി, വര്‍ണ്ണക്കാവടി എന്നിവ പമ്പമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് ഭക്തിയുടെ വര്‍ണ്ണക്കാഴ്ചയായി.
വൈക്കപ്പന്റെ പാല്‍ക്കാവടി പുലര്‍ച്ചേ 5ന് ശ്രീകോവില്‍ നടയില്‍ വച്ചു പൂജചെയ്ത ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലില്‍ വൈക്കത്തപ്പന്റെ പാല്‍ക്കാവടി ആദ്യം അഭിഷേകം ചെയ്തു. വൈക്കം ദേവസ്വത്തിന്റെ ഔദ്യോഗിക ചടങ്ങായിരുന്നു ഉദയനാപുരത്തപ്പന്റെ പാല്‍ക്കാവടി. നാഗസ്വരവും ചെണ്ടമേളവും അകമ്പടിയായി.
വൈക്കം സമൂഹത്തിന്റെ പഞ്ചാമൃതക്കാവടി സമൂഹം ഹാളില്‍ പൂജചെയ്ത് കുംഭങ്ങള്‍ നിറച്ചശേഷം വൈക്കം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് ഉദയനാപുരത്തേയ്ക്ക് പുറപ്പെട്ടു. പി.ബാലചന്ദ്രന്‍, കെ.സി കൃഷ്ണമൂര്‍ത്തി, സുബ്രഹ്മണ്യന്‍, പി.വി രാമനാഥന്‍, ശിവരാമകൃഷ്ണന്‍, കണിച്ചേരിമഠം ബാലുസ്വാമി എന്നിവര്‍ നേതൃത്വം നല്‍കി.
അഖിലകേരള വിശ്വകര്‍മ്മ സഭ ഉദയനാപുരം 1127-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ഉദയനാപുരം ക്ഷേത്രത്തിലേക്ക് പാല്‍ക്കാവടി ഘോഷയാത്ര നടത്തി. ശാഖാമന്ദിരത്തില്‍ കാവടി പൂജ നടത്തി കുംഭങ്ങള്‍ നിറച്ചു. ശാഖാ പ്രസിഡന്റ് എസ്.കൃഷ്ണന്‍, സെക്രട്ടറി രതീഷ്, ബാബു, അനില്‍കുമാര്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രീഷണ്‍മുഖ വിലാസം കാവടി സമാജത്തിന്റെ നേതൃത്വത്തിലുള്ള കാവടികള്‍ ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജകള്‍ നടത്തി വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് ദര്‍ശനം നടത്തി പ്രദക്ഷിണം വച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക പുറപ്പെട്ടു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, വാദ്യമേളങ്ങള്‍ എന്നിവ ഭംഗി പകര്‍ന്നു. കെ.എം സോമശേഖരന്‍ നായര്‍, അജിത് ബാബു, വി.മഹേഷ്, ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉദയനാപുരം കാവടി സമാജത്തിന്റെ നേതൃത്വത്തിലുള്ള കാവടികള്‍ വൈക്കം ക്ഷേത്രത്തില്‍ മേല്‍ശാന്തി നാരായണ്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജകള്‍ നടത്തി കുംഭങ്ങള്‍ നിറച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.