Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാസ്റ്റിക്കിന് കടിഞ്ഞാണ്‍ വീണതോടെ പഴമയുടെ പ്രതാപത്തിലേക്ക് ഇലകള്‍ മടങ്ങി വരുന്നു.
05/02/2020

വൈക്കം: പ്ലാസ്റ്റിക്കിന് കടിഞ്ഞാണ്‍ വീണതോടെ പഴമയുടെ പ്രതാപത്തിലേക്ക് ഇലകള്‍ മടങ്ങി വരുന്നു. തുടക്കത്തില്‍ ഇതൊരു ബുദ്ധിമുട്ടാണെങ്കിലും നല്ലൊരു പ്രതീക്ഷയാണ് പ്രകൃതിക്കും വരുംതലമുറയ്ക്കും ഇത് നല്‍കുന്നത്. ഇറച്ചിക്കടകളിലും മത്സ്യമാര്‍ക്കറ്റുകളിലുമാണ് വാഴയിലയും വട്ടയിലയും തേക്കിലയും ചേമ്പിലയുമെല്ലാം നിറഞ്ഞാടുന്നത്. ഇത് കിട്ടാത്ത അവസ്ഥ മാത്രമാണ് പല സ്ഥലങ്ങളിലും പ്രശ്‌നം ഉണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായിട്ടാണ് ഇലകള്‍ സജീവമാകാന്‍ തുടങ്ങിയത്. ഇറച്ചിക്കടകളിലാണ് ഇപ്പോള്‍ ഇലകള്‍ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ചേമ്പിലയും തേക്കിലയുമാണ് ഇവിടെയെല്ലാം സജീവം. നാനാടം, ഉല്ലല, തലയോലപ്പറമ്പ്, വെട്ടിക്കാട്ട്മുക്ക്, ചെമ്പ്, ബ്രഹ്മമംഗലം എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകളില്‍ പ്ലാസ്റ്റിക് കൂടുകള്‍ വിടപറഞ്ഞു കഴിഞ്ഞു. മത്സ്യങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അതെല്ലാം അധികം താമസിയാതെ തന്നെ പരിഹരിക്കപ്പെട്ടേക്കും. കാരണം പ്ലാസ്റ്റിക് ഇല്ലാത്ത കാലമാണ് ഇനി വരുന്നത്. കോവിലകത്തുംകടവ് മാര്‍ക്കറ്റിലും വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യക്കടകളിലുമൊന്നും ഇലകള്‍ എത്തിയിട്ടില്ല. ഇവിടെയെല്ലാം പേപ്പറിലാണ് പൊതിഞ്ഞുനല്‍കുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തുന്നവര്‍ക്ക് പേപ്പറില്‍ പൊതിഞ്ഞുനല്‍കുന്ന മത്സ്യങ്ങള്‍ വീട്ടിലെത്തുന്നതിനുമുന്‍പേ റോഡില്‍ വീഴുന്ന അവസ്ഥയാണ്. കാരണം ഐസും വെള്ളവും നിറഞ്ഞ മത്സ്യങ്ങള്‍ പേപ്പറില്‍ അധികനേരം ഇരിക്കില്ല. ഇവിടെയെല്ലാം ആശ്രയം ഇലകള്‍ തന്നെയാണ്. പലചരക്ക് കടകളില്‍ പേപ്പര്‍ കൂടുകള്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. പല സ്ഥലങ്ങളിലും വീടമ്മമാരുടെ നേതൃത്വത്തില്‍ പേപ്പര്‍ കൂടുകള്‍ നിര്‍മിക്കാനുള്ള യൂണിറ്റുകളും ആരംഭിച്ചു. പല കടക്കാരും ഇവര്‍ക്കെല്ലാം ബുക്കിങും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കാനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്. നാളേയ്ക്ക് നല്ല പ്രതീക്ഷകളാണ് പ്ലാസ്റ്റിക് നിരോധനം നല്‍കുന്നത്.