Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡേറ്റ ബാങ്ക് വൈകുന്നു അനാസ്ഥമൂലമെന്നാക്ഷേപം.
27/01/2020

വൈക്കം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തടനിയമപ്രകാരം നഗരസഭാ പ്രദേശത്തെ നിലം സംബന്ധിച്ചുള്ള ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാത്തതുമൂലം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. ഡേറ്റാബാങ്ക് തയ്യാറാക്കാന്‍ വൈക്കം കൃഷിഓഫീസറും നടുവിലെ വൈക്കം വില്ലേജ് ഓഫീസര്‍മാരും അടങ്ങുന്ന സമിതിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരു ദശകം പിന്നിട്ടിട്ടും ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം ഡേറ്റബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ നഗരസഭാ കൗണ്‍സിലിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നേരിട്ട് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് റിമോട്ട് എന്‍വയോണ്‍മെന്റ് സെന്ററിനെ സര്‍ക്കാര്‍ ചിലവില്‍ സാറ്റലൈറ്റ് സര്‍വ്വേ നടത്താന്‍ ചുമതലപ്പെടുത്തിയത്. ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിനാവശ്യമായ സര്‍വ്വേ നമ്പരുകളും സബ്ഡിവിഷന്‍ നമ്പരിന്റെ ഏരിയാ സഹിതം ചിട്ടപ്പെടുത്തിയതുമായ വാലിഡേഷന്‍ റിപ്പോര്‍ട്ട് ഇവര്‍ തയ്യാറാക്കി നല്‍കി. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്റെ അന്തിമരൂപമായിട്ടില്ല. സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ഒത്തുനോക്കി വിവരങ്ങള്‍ ഭൂരേഖാ തഹസില്‍ദാര്‍ക്കും വില്ലേജോഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് കൃഷി ഓഫീസര്‍ അറിയിച്ചത്. റിമോട്ട് എന്‍വയോണ്‍മെന്റല്‍ സെന്ററിന്റെ റിപ്പോര്‍ട്ട് ആധികാരിക രേഖയാണെന്നിരിക്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ ഇതു ഒത്തുനോക്കി നല്‍കാത്തതുമൂലമാണ് ഡേറ്റാബാങ്ക് സമയബന്ധിതമായി പ്രസിദ്ധീകരിക്കാന്‍ കഴിയാതെ പോകുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍മ്പേ പുരയിടമായി മാറ്റപ്പെട്ടതും സാറ്റലൈറ്റ് സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ പോലും പുരയിടമായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങള്‍ പലതും നിലവിലുള്ള രേഖകളില്‍ നിലം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമൂലം സാധാരണക്കാര്‍ക്ക് ഒരു വീടുവയ്ക്കുന്നതിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ഗതികേടിലാണ്. ഡേറ്റബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്ന് ടൗണ്‍ ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു.