Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരില്‍ ആശങ്ക പടര്‍ത്തി കന്നുകാലികളില്‍ ലംപിസ്‌കിന്‍ രോഗബാധ
23/01/2020

വൈക്കം: കന്നുകാലികളെ ബാധിക്കുന്ന ചിക്കന്‍പോക്‌സ് പോലുള്ള വൈറസ് രോഗബാധ കേരളത്തിലും ബാധിച്ചത് കര്‍ഷരില്‍ ആശങ്ക പടര്‍ത്തുന്നു. പശു, എരുമ എന്നിവയെ ബാധിക്കുന്ന ലംപിസ്‌കിന്‍ വൈറസ് രോഗമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മനുഷ്യരെയോ മറ്റു മൃഗങ്ങളെയോ ബാധിക്കാത്ത ഈ രോഗം മാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും ബാധിക്കാറുണ്ട്. കൊതുക്, പട്ടുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കാലികളില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പനിയും ശരീരമാസകലമുണ്ടാകുന്ന മുഴകളുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഉരുണ്ടതും കട്ടിയുള്ളതും തൊലിക്കടിയിലോ, കലകളിലോ പേശികളോ ഉള്‍പ്പെട്ടതായിരിക്കും ഈ മുഴകള്‍. വായ്ക്കുള്ളിലും തൊണ്ട, ശ്വാസനാളം എന്നിവിടങ്ങളിലും മുഴകള്‍ കാണപ്പെടാറുണ്ട്. ഗ്രന്ഥിവീക്കം, ശരീരശോഷണം, കൈകാലുകളിലെ നീര്‍വീക്കം, പാലുല്‍പ്പാദനത്തിലെ കുറവ്, അബോര്‍ഷന്‍ തുടങ്ങിയവ ഉണ്ടാകാം. അപൂര്‍വ്വമായേ മരണം സംഭവിക്കാറുള്ളു. രോഗബാധിതരായ മൃഗങ്ങള്‍ രണ്ടു മൂന്നാഴ്ചകള്‍ക്കുള്ളില്‍ രോഗവിമുക്തരാകും. പാലുല്പാദനം വീണ്ടെടുക്കാന്‍ ഏറെക്കാലം പിടിക്കും. രോഗബാധയുള്ളവയെ മാറ്റിപ്പാര്‍പ്പിക്കുക, പുതുതായി കന്നുകാലികളെ വാങ്ങുന്നതൊഴിവാക്കുക, തൊഴുത്തിലെ ശുചിത്വം, അണുനാശിനികളുടെ ഉപയോഗം, കൊതുക്, ഈച്ച, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കുക എന്നിവയിലൂടെ രോഗസംക്രമണം തടയാവുന്നതാണ്. ഔഷധക്കൂട്ടുകള്‍ പുകച്ചും ഉറവിടങ്ങളില്‍തന്നെ നശിപ്പിച്ചും കൊതുകു ശല്യം ഒഴിവാക്കാന്‍ കഴിയും.2019-ല്‍ ഒഡീഷയിലാണ് ഇന്‍ഡ്യയില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോട്ടയം ജില്ലയില്‍ ഇതുവരെ 145 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലംപിസ്‌കിന്‍ രോഗബാധയ്‌ക്കെതിരായ പ്രതിരോധ വാക്‌സിനുകള്‍ വരുംദിവസങ്ങളില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുമെന്നും കോട്ടയം ജില്ല ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഒ.ടി തങ്കച്ചന്‍ പറഞ്ഞു. കാലികളില്‍ രോഗബാധ സംശയിക്കപ്പെടുന്ന പക്ഷം കര്‍ഷകര്‍ക്ക് അതതു സ്ഥലങ്ങളിലെ വെറ്റിനറി ഡോക്ടര്‍മാരില്‍ നിന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471-2732151-ല്‍ വിളിക്കാവുന്നതാണ്.