Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൈപ്പ് ലൈന്‍ പൊട്ടിയൊലിച്ച് ദശലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളം പാഴാകുന്നു
16/01/2020
മറവന്‍തുരുത്ത് പഞ്ചായത്തിലെ ചാലുംകടവ്-ഇത്തിപ്പുഴ റോഡില്‍ ഇത്തിപ്പുഴ പാലത്തിനുസമീപം ജല അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം തോട്ടിലേക്ക് ഒഴുകുന്നു.

വൈക്കം: പൈപ്പ് ലൈന്‍ പൊട്ടിയൊലിച്ച് ദശലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളം പാഴായിട്ടും വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് കണ്ടഭാവമില്ല. മറവന്‍തുരുത്ത് പഞ്ചായത്തിലെ ഇത്തിപ്പുഴ ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. രണ്ടു വര്‍ഷം മുന്‍പ് ചാലുംകടവ്-ഇത്തിപ്പുഴ റോഡില്‍ ഇത്തിപ്പുഴ പാലത്തിനുസമീപം പുതിയ കലുങ്ക് നിര്‍മിക്കുന്നതിനായി പഴയ കലുങ്ക് പൊളിച്ചുനീക്കിയിരുന്നു. അതോടൊപ്പം ഇതുവഴിയുള്ള വാട്ടര്‍ അതോറിട്ടിയുടെ പൈപ്പും താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു. ഇരുമ്പ് പൈപ്പിനു പകരം പോളിത്തീന്‍ പൈപ്പാണ് തോടിനു കുറുകെ താത്കാലികമായി സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് പൊട്ടിയൊലിച്ച് കഴിഞ്ഞ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുടിവെള്ളം പാഴാകുന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ എത്തി ഒന്നു രണ്ടു തവണ പ്രശ്‌നം താത്കാലികമായി പരിഹരിച്ചെങ്കിലും വീണ്ടും പൈപ്പ് ലീക്കായി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. കള്ളുകടവ് ഭാഗത്തേക്കുള്ള കുടിവെള്ള വിതരണത്തെയും ഇതു ബാധിച്ചിട്ടുണ്ട്. വെള്ളം പാഴാകുന്നതു സംബന്ധിച്ച് നാട്ടുകാരും വാര്‍ഡ് മെമ്പറും മറ്റും വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. രാത്രികാലങ്ങളില്‍ വെള്ളത്തിന്റെ പമ്പിങ് ശക്തമാകുമ്പോള്‍ നൂറുകണക്കിനു ലിറ്റര്‍ കുടിവെള്ളമാണ് ദിനംപ്രതി തോട്ടിലേക്ക് ഒഴുകി പോകുന്നത്. വാട്ടര്‍ അതോറിട്ടി അധികൃതരുടെ നിഷേധസമീപം വന്‍പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. പാലത്തില്‍ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് വെള്ളത്തിന്റെ ചോര്‍ച്ച അവസാനിപ്പിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.