Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്റെ 209-ാമത് ചരമവാര്‍ഷിക ദിനാചരണം നാളെ നടക്കും.
11/01/2020

വൈക്കം: ചെമ്പില്‍ തൈലംപറമ്പില്‍ അനന്തപത്മനാഭന്‍ വലിയരയന്‍ എന്ന ചെമ്പിലരയന്റെ 209-ാമത് ചരമവാര്‍ഷിക ദിനാചരണം നാളെ നടക്കും. ബാലരാമവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്നപ്പോള്‍ നാവികസേനയുടെ പടത്തലവനായിരുന്നു അനന്തപത്മനാഭന്‍ വലിയരയന്‍. ചെമ്പ് തൈലംപറമ്പില്‍ കളരി ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ധാരാളം ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു. ആയുധവിദ്യയിലുള്ള അസാമാന്യ മെയ്‌വഴക്കം മൂലം നാടിനും വേണ്ടി ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് രാജാവ് ഇദ്ദേഹത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. പൊന്നംകാവുംവാള്‍, വീരശൃഖല, ഓടിവള്ളങ്ങള്‍ എന്നിവ യുദ്ധസേവനത്തിനുവേണ്ടി രാജാവ് കല്‍പിച്ചു നല്‍കിയതാണ്. അന്നത്തെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മെക്കാളെയോട് ചെമ്പിലരയന്‍ പലപ്രാവശ്യം ഏറ്റുമുട്ടിയിട്ടുണ്ട്. മെക്കാളെയുടെ ബോള്‍ഗാട്ടി പാലസ് ആക്രമിക്കാന്‍ ഇദ്ദേഹം ഹനുമാന്‍ ഓടിവള്ളത്തിലാണ് പോയത്. 1808 ഡിസംബര്‍ 28നു അര്‍ധരാത്രിയാണ് അരയന്റെ നേതൃത്വത്തില്‍ മൂന്നു ഓടിവള്ളങ്ങളിലായി ഭടന്‍മാര്‍ ബോള്‍ഗാട്ടി പാലസിലേക്ക് പടനയിച്ചത്. അരയന്‍ ചെല്ലുമെന്ന് നേരത്തെ അറിഞ്ഞു ഭയന്ന സായ്പ്പ് നടുക്കടലില്‍ ചണക്കപ്പലില്‍ അഭയം പ്രാപിച്ചതായും ചരിത്രമുണ്ട്. വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരത്തിന് സമാനമായി ഏറ്റുമാനൂര്‍ വിളംബരവും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്. 1811 ജനുവരി 13ന് അനന്തപത്മനാഭന്‍ വലിയരയന്‍ ഓര്‍മയായി.
ചെമ്പില്‍ വലിയരയന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം നാലിന് വൈക്കം വ്യാപാഭവന്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം നര്‍ത്തകിയും വ്യവസായിയുമായ ചിത്രാ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി.എസ് നന്ദനന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി അജിത്കുമാര്‍ തൈലംപറമ്പില്‍, കലാദര്‍പ്പണം രവീന്ദ്രനാഥ്, ടി.ആര്‍.എസ് മേനോന്‍, ഡി.രഞ്ജിത്കുമാര്‍, ശ്രീകുമാരി യു.നായര്‍, പി.എന്‍ കിഷോര്‍കുമാര്‍, ഭൈമി വിജയന്‍, സാബു പി.മണലൊടി, എം.എം സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.