Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനല്‍ ചൂടില്‍ വൈക്കം വീര്‍പ്പുമുട്ടുന്നു.
14/03/2016

വേനല്‍ ചൂടില്‍ വൈക്കം വീര്‍പ്പുമുട്ടുന്നു. കച്ചവടസ്ഥാപനങ്ങളെയാണ് ചൂട് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം കച്ചവടം ഗണ്യമായി കുറഞ്ഞു. തുണിക്കടകളെയാണ് ഇത് ഏററവുമധികം ബാധിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം നടന്നിരുന്ന കച്ചവടത്തിന്റെ നേര്‍പകുതിപോലും ഇപ്പോള്‍ നടക്കുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ബേക്കറി, ഹോട്ടല്‍, പലചരക്ക് കടകളിലെല്ലാം അവസ്ഥ ഇതുതന്നെയാണ്. വഴിയോരകച്ചവടക്കാരുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. ശീതപാനീയങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. പച്ചക്കറികളുടെ വില ഗണ്യമായി കുറഞ്ഞെങ്കിലും അതിനനുസരിച്ചുള്ള വില്‍പ്പന നടക്കുന്നില്ല. വേനല്‍ചൂടില്‍ സാംക്രമിക രോഗങ്ങളും പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചതോടെ മരുന്ന് കടകളില്‍ കച്ചവടത്തിന്റെ പൊടിപൂരമാണ്. ചിക്കന്‍ പോക്‌സാണ് വേനല്‍ച്ചൂടില്‍ പെരുകുന്ന പ്രധാന രോഗങ്ങളിലൊന്ന്. പല സ്ഥലങ്ങളിലും അസുഖം പടരുകയാണ്. വെള്ളത്തിന്റെ ശുചിത്വമില്ലായ്മയും മററുമാണ് രോഗം പടരുന്നതിനുള്ള പ്രധാനകാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. നിരവധി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ടെങ്കിലും രോഗബാധിതര്‍ ഏറുകയാണ്. മണ്ഡലത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും അസുഖം ബാധിച്ച് സാധാരണ ജനങ്ങള്‍ ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിയിലും നല്ല തിരക്കാണ്. പലപ്പോഴും രോഗികളുടെ തിരക്ക് ആശുപത്രിക്ക് താങ്ങാന്‍ പററുന്നില്ല. ഡോക്ടര്‍മാരുടെ കുറവാണ് പ്രധാനപ്രശ്‌നം. ഒരു ദിവസംപോലും മുഴുവന്‍ ഡോക്ടര്‍മാരും ജോലിക്കെത്തുന്നില്ലെന്നാണ് അനൗദ്യോഗിക വിവരം. വേനല്‍ച്ചൂടില്‍ കുടിവെള്ള പ്രശ്‌നങ്ങളും അതിരൂക്ഷമാണ്. നഗരഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുകയാണ്. കുടിവെള്ള പ്രശ്‌നങ്ങള്‍ വിതരണകമ്പനികളെ വലിയ ഉത്സാഹത്തിലാക്കിയിരിക്കുകയാണ്. കാരണം ഒരു ലിററര്‍ വെള്ളത്തിന് ഒരുരൂപ ആയിരുന്നത് ഇപ്പോള്‍ ഒന്നര രൂപയാക്കി ഉയര്‍ത്തി. പലരും ഇതിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ വാങ്ങേണ്ടി വരുന്നു. നഗരസഭ, തലയോലപ്പറമ്പ്, ഉദയനാപുരം, ചെമ്പ്, ടി.വി പുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലെല്ലാം കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും പണം നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. കിണറുകളും കുളങ്ങളുമെല്ലാം വററിവരണ്ടു. നീര്‍ത്തടങ്ങളിലെ വെള്ളം മലിനപ്പെട്ടു. ചൂട് തുടങ്ങിപ്പോഴെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരിക്കുകയാണ്. ഇനി വരുന്ന മാസങ്ങള്‍ എങ്ങനെ തള്ളി നീക്കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍.