Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള പ്രത്യേക ആരോഗ്യ പരിരക്ഷ 'കരുതല്‍ 2019' പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്.
10/01/2020
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പരിരക്ഷ പദ്ധതിയായ 'കരുതല്‍ 2019' ന്റെ ഭാഗമായുള്ള പ്രോട്ടീന്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിക്കുന്നു.

വൈക്കം: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള പ്രത്യേക ആരോഗ്യ പരിരക്ഷ 'കരുതല്‍ 2019' പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്യുക, സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുക, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ ഗര്‍ഭിണികളുടെയും ആറു മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെയും പോഷകാഹാര കുറവ് പരിഹരിക്കുക, ആശുപത്രിയില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക പരിശോധനയും ചികിത്സയും നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് കരുതല്‍ 2019 എന്ന പദ്ധതിക്കുള്ളത്.പദ്ധതിയുടെ ഭാഗമായി ഒന്‍പതു മാസത്തേക്ക് ഗര്‍ഭിണികള്‍ക്കും ആറു മാസത്തേക്ക് മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രോട്ടീന്‍ ഫുഡ് പാക്കറ്റ് സൗജന്യമായും നല്‍കും. ഇതോടൊപ്പം ഗര്‍ഭകാല പരിരക്ഷ, ശിശു പരിചരണം എന്നിവയെക്കുറിച്ച് അറിവ് നല്‍കാന്‍ 'അമ്മ അറിയാന്‍' എന്ന പേരില്‍ പരിശീലന പരിപാടിയും സംഘടിപ്പിക്കും. കൂടാതെ ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാസത്തിലൊരിക്കല്‍ നടത്തുന്ന പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ പദ്ധതിയുമായി യോജിപ്പിച്ച് ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉപയോഗിച്ച് പരിശോധന നടത്തി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 841408 രൂപയാണ് പദ്ധതി തുക. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രത്തില്‍വച്ചു നടത്തിയ 'കരുതല്‍ 2019'ന്റെ ഭാഗമായുള്ള പ്രോട്ടീന്‍ കിറ്റിന്റെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ഐ സപ്ന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഗൈനക്കോളജിസ്റ്റ് ഡോ. മീര എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 725 പ്രോട്ടിന്‍ കിറ്റുകള്‍ വിതരണം ചെയ്തു.