Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തല്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
07/01/2020
വൈക്കം ചേരുംചുവട് ജംഗ്ഷനില്‍ കാറിനു മുകളിലൂടെ കയറിയിറങ്ങി തൊട്ടടുത്ത മതിലില്‍ ഇടിച്ചു നില്‍ക്കുന്ന ബസ്

വൈക്കം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തല്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഇന്നു രാവിലെ 5.50ന് വൈക്കം ചേരുംചുവട് പാലത്തിനു സമീപത്തുവെച്ചാണ് അപകടം. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. ഇവര്‍ ചേര്‍ത്തല വേളോര്‍വട്ടം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. കാറിനു മുകളിലൂടെ ബസ് കയറിയിറങ്ങി സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ വടംകെട്ടിയാണ് ബസ് വലിച്ചുമാറ്റി കാര്‍ പുറത്തെടുക്കുന്നത്. ഈ സമയം വടം പൊട്ടിപ്പോയിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുക തന്നെ ചെയ്തു. ബസില്‍ നിന്നും കാറില്‍ നിന്നും ഇന്ധനം ചോരുന്നുണ്ടായിരുന്നു. ഇവിടെയും വെള്ളം പമ്പ് ചെയ്ത് അപകടഭീഷണി ഒഴിവാക്കി. കാര്‍ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. മുരിയംകുളങ്ങര-ചേരുംചുവട് ഇടറോഡില്‍ നിന്നും വൈക്കം-വെച്ചൂര്‍ മെയിന്‍ റോഡിലേക്ക് കയറി വന്ന കാര്‍ ബസ്സിനുമുന്നില്‍പ്പെടുകയായിരുന്നു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിറ്റില്‍ റാണി എന്ന സ്വകാര്യബസ്സാണ് കാറുമായി കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് വൈക്കം-വെച്ചൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ഉച്ചയോടെ പൂര്‍ത്തിയാക്കി. കോട്ടയം എസ്.പി പി.എസ് സാബു, പാലാ ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ്, വൈക്കം സി.ഐ എസ്.പ്രദീപ്, എസ്.ഐ ആര്‍.രാജേഷ്, ഫയര്‍ ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ എം.കെ ബൈജു, രതീഷ്, സജേഷ്, അനീഷ്, രമേഷ് കുമാര്‍, രാംജി, ഹോംഗാര്ഡ് അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.