Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും
06/01/2020

വൈക്കം: ചരിത്രനഗരിക്ക് പഴമയുടെ ഓര്‍മപ്പെടുത്തല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ശ്രീമൂലം മാര്‍ക്കറ്റ്. 2019-20 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി പുനര്‍നിര്‍മിച്ച വൈക്കത്തിന്റെ അന്തിച്ചന്ത എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീമൂലം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാജഭരണകാലത്ത് സ്ഥാപിതമായി നഗരത്തിനു തിലകക്കുറിയായിരുന്ന ശ്രീമൂലം മാര്‍ക്കറ്റ് പ്രവര്‍ത്തനരഹിതമായിട്ടു കാലങ്ങള്‍ ഏറെയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പുവരെ മാര്‍ക്കറ്റിന്റെ പേര് നിലനിര്‍ത്തുവാന്‍ ഇറച്ചി വ്യാപാരം ഇവിടെ നടന്നിരുന്നു. രാജഭരണകാലത്താണ് കെ.വി കനാലിന്റെ തീരത്തോടുചേര്‍ന്ന് മാര്‍ക്കറ്റ് സ്ഥാപിച്ചത്. വാഹനഗതാഗതം സുഗമമല്ലാതിരുന്ന കാലത്ത് ജലഗതാഗതത്തെ അടിസ്ഥാനമാക്കിയായിരുന്നു മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. കോട്ടയം ജില്ലയുടെയും ആലപ്പുഴയുടെയും എറണാകുളത്തിന്റെയും വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വ്യാപാരികളാണ് ഇവിടെ എത്തിയിരുന്നത്. വൈക്കത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങളായ തഴപ്പായ, ചകിരി ഉല്‍പന്നങ്ങള്‍ എന്നിവയുടെയെല്ലാം മികച്ച വിപണിയായിരുന്നു ഈ നാട്ടുചന്ത. പലചരക്കുസാധനങ്ങള്‍ തൂക്കത്തിലും പാത്രങ്ങളുടെ അളവിലുമെല്ലാം ഇവിടെ വിറ്റിരുന്നു. മാര്‍ക്കറ്റില്‍ നിന്നും വരുമാനം പറ്റിയിരുന്ന അധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി ഇവിടെ നടപ്പിലാക്കാന്‍ മറന്നു. ഇതോടെ മാര്‍ക്കറ്റിലേക്കെത്തുന്ന കച്ചവടക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. രാവിലെയും വൈകിട്ടും പ്രവര്‍ത്തിച്ചിരുന്ന വൈകുന്നേരങ്ങളിലേക്ക് മാത്രമായും പിന്നീടിത് ആഴ്ചയില്‍ രണ്ടുമായി. ഇതിനിടയില്‍ ടി.വി പുരം, ഉല്ലല, നാനാടം, കോവിലകത്തുംകടവ്, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ രൂപീകൃതമായി. ഇതോടെ ആഴ്ചയില്‍ രണ്ടുദിവസം നടന്നിരുന്ന ചന്തപോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയായി. മത്സ്യത്തിന്റെയും ഇറച്ചിയുടെയും കച്ചവടം മാത്രമായി ഇവിടെ ഒതുങ്ങിയ മാര്‍ക്കറ്റ് ഒടുവില്‍ പൂര്‍ണമായി നിലച്ചു. ഇതിനെയാണ് നഗരസഭ ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് പുനര്‍നിര്‍മിച്ച ശ്രീമൂലം മാര്‍ക്കറ്റ് നാട്ടുചന്ത നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സന്തോഷ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ആദ്യവില്‍പ്പന നിര്‍വഹിക്കും.