Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്ണംകുളത്ത് കടത്തുകടവ് തൂക്കുപാലം അപകടാവസ്ഥയില്‍.
04/01/2020
നൂറ്റിനാല്‍പ്പത് മീറ്റര്‍ നീളമുള്ള മറവന്‍തുരുത്ത് പഞ്ചായത്തിലെ കണ്ണംകുളത്തുകടവ് തൂക്കുപാലത്തിന്റെ പലഭാഗങ്ങളും ദ്രവിച്ചു തുടങ്ങിയ നിലയില്‍

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ ദ്വീപ് നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണംകുളത്ത് കടത്തുകടവ് തൂക്കുപാലം അപകടാവസ്ഥയില്‍. കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ മുടങ്ങിയതുമൂലം പാലത്തിന്റെ പ്ലാറ്റ്‌ഫോമും സ്‌റ്റെപ്പുകളും തുരുമ്പിച്ച് ജീര്‍ണ്ണാവസ്ഥയിലായി. 50 മീറ്റര്‍ ഉയരത്തിലും 140 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ പ്ലാറ്റ്‌ഫോം തുരുമ്പിച്ച് പലഭാഗങ്ങളും അടര്‍ന്നു തുടങ്ങി. പാലത്തിന്റെ ശോച്യാവസ്ഥ യാത്രക്കാരെ ഭയപ്പെടുത്തുന്നു. മറവന്‍തുരുത്ത് പഞ്ചായത്തിലെ 500 കുടുംബങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെയും പ്രധാനയാത്രാമാര്‍ഗ്ഗമാണിത്. ഒന്‍പത് വര്‍ഷം മുമ്പ് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയില്‍ ഒരു കോടിയില്‍പരം രൂപാ ചെലവഴിച്ചാണ് കെല്‍ കമ്പനി പാലം നിര്‍മ്മിച്ചത്. പന്ത്രണ്ടുവര്‍ഷം മുന്‍മ്പ് കടത്തുകടവില്‍ വള്ളം മുങ്ങി കടത്തുകാരനും പഞ്ചായത്തുമെമ്പറും മുങ്ങി മരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് തൂക്കുപാലത്തിന് പദ്ധതി തയ്യാറാക്കിയത്. കാലാകാലങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ നടത്തണമെന്ന് നിര്‍ദ്ദേശം ഉണ്ടായെങ്കിലും പാലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനു വിട്ടുതരാന്‍ കാലതാമസം നേരിട്ടതുമൂലമാണ് അറ്റകുറ്റപണികള്‍ക്ക് മുടക്കം വന്നതെന്ന് വാര്‍ഡ് മെമ്പര്‍ പി.വി പ്രസാദ് പറഞ്ഞു. പഞ്ചായത്തിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് ഉടമസ്ഥാവകാശം കൈമാറിയത്. അറ്റകുറ്റപ്പണികള്‍ക്കായി ഏഴുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. ഇതില്‍ മൂന്നര ലക്ഷം രൂപ കെല്‍ കമ്പനിക്ക് നല്‍കിയെങ്കിലും പണിതുടങ്ങാന്‍ വൈകുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ പറഞ്ഞു. പണി നടത്താന്‍ വൈകിയാല്‍ പാലത്തിന്റെ അപകടസാഹചര്യം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടി വൈകിയാല്‍ കെല്‍ കമ്പനിക്ക് മുമ്പില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡുമെമ്പറും അറിയിച്ചു. പാലത്തിന്റെ അപകടസാഹചര്യം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയതായും വാര്‍ഡു മെമ്പര്‍ പറഞ്ഞു.