Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം-എറണാകുളം റൂട്ടിലെ തലപ്പാറ മുതല്‍ നീര്‍പ്പാറ വരെയുള്ള റോഡില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
03/01/2020

വൈക്കം: കോട്ടയം-എറണാകുളം റൂട്ടിലെ തലപ്പാറ മുതല്‍ നീര്‍പ്പാറ വരെയുള്ള റോഡില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുവഴിയുളള കാല്‍നട യാത്ര ഇന്ന് സാഹസികമായ അവസ്ഥയിലാണ്. റോഡിന്റെ വശങ്ങളിലെ കട്ടിങ് വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. ഇതുമൂലം ഇരുചക്ര വാഹനങ്ങളാണ് അധികവും ഇവിടെ അപകടത്തില്‍പെടുന്നത്. അശാസ്ത്രീയമായി റോഡില്‍ പാകിയ ടൈലുകളും അപകടത്തിന് ഇടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണം. റോഡിനിരുവശവും കാടുപോലെ പുല്ല് വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ ടാറിങില്‍ കയറിയാണ് സഞ്ചരിക്കുന്നത്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പുല്ലുവളര്‍ന്നു നില്‍ക്കുന്നതിനാല്‍ വിഷപാമ്പിന്റെ ശല്യവും കാല്‍നട യാത്രക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. മണ്ഡലകാലം ആയതിനാല്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡിന്റെ വശങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്ണ് നിരത്തി കുഴികള്‍ അടച്ചു സഞ്ചാരയോഗ്യമാക്കിയാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഒരുപരിധി വരെ അപകടം ഒഴിവാക്കുന്നതിനും ഉപകാരപ്പെടും. കൂടാതെ കാഴ്ച തടസ്സപ്പെടുത്തുന്നതരത്തില്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ അടിയന്തിരമായി മുറിച്ചുമാറ്റേണ്ടതുണ്ട്. അതുപോലെ വെട്ടിക്കാട്ട്മുക്ക് പാലത്തിലും നടുപ്പാത അനിവാര്യമാണ്. ഇതുപോലുള്ള നേര്‍കാഴ്ചകള്‍ പരിഹരിക്കേണ്ട അധികാരികള്‍ ഉത്തരവാദിത്തങ്ങള്‍ മറക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും, തലപ്പാറ-നീര്‍പ്പാറ റോഡില്‍ നടപ്പാത നിര്‍മിക്കണമെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കെ.വി തങ്കമണി പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി.