Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയം തകര്‍ത്തെറിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സങ്കടം ഒതുക്കി കരഞ്ഞ സാബുവും കുടുംബവും പുതിയ വീട്ടിലേക്ക്.
03/01/2020
വെള്ളൂര്‍ ചെറുകര കോട്ടമുറിക്കല്‍ സാബുവിനും കുടുംബത്തിനും സര്‍ക്കാരിന്റെയും യു.കെയിലെ മലയാളി അസോസിയേഷനുകളുടെയും സഹായത്തോടെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയം തകര്‍ത്തെറിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ സങ്കടം ഒതുക്കി കരഞ്ഞ സാബുവും കുടുംബവും പുതിയ വീട്ടിലേക്ക്. പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മകളോട് വിടപറഞ്ഞ് വെള്ളൂര്‍ ചെറുകര കോട്ടമുറിക്കല്‍ സാബുവും കുടുംബവും പുതുജീവിതം തുടങ്ങി. കാരുണ്യം വറ്റാത്ത സുമനസ്സുകളുടെ കൈത്താങ്ങിലാണ് പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളോടും ഭാര്യയോടുമൊപ്പം സാബു വെള്ളൂര്‍ എച്ച്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുതിയ വീട്ടിലേക്ക് താമസം മാറിയത്. സര്‍ക്കാര്‍ സഹായത്തോടൊപ്പം യു.കെയിലെ മലയാളി സംഘടനകളായ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെയും ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഓര്‍ഗനൈസേഷന്റെയും കാരുണ്യവര്‍ഷം പദ്ധതിയുടെയും സഹായത്തോടെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്വന്തം വീട് മഹാപ്രളയത്തില്‍ നിലംപൊത്തിയപ്പോള്‍ ഓട്ടോ ഡ്രൈവറായ സാബുവിന് കമ്പനി കോര്‍ട്ടേഴ്‌സില്‍ താമസം ഒരുക്കി വെള്ളൂര്‍ പഞ്ചായത്തും, പുതിയ വീട് നല്‍കി സംസ്ഥാന സര്‍ക്കാരും ഒപ്പമുണ്ടായിരുന്നു. മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പ്രളയബാധിതനു കഴിഞ്ഞവര്‍ഷം വീട് പണിതു നല്‍കിയ യു.കെയിലെ തന്നെ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ മാതൃക പിന്തുടര്‍ന്ന് ഇത്തവണ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനും ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ഓര്‍ഗനൈസേഷനും സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. വ്യത്യസ്ത മേഖലകളില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിവരുന്ന മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് വെള്ളൂര്‍ മേഖലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും സഹായത്തോടെ നിര്‍മിച്ചു നല്‍കിയ നാലാമത്തെ വീടാണ് സാബുവിന്റേത്. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍ നിര്‍വഹിച്ചു. സാബുവിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.ആര്‍ രാജേഷ്, പ്രവാസി മലയാളികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.