Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യങ്ങള്‍ തള്ളുന്ന സംഘം വിലസുന്നു.
14/03/2016

നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള പുഴകളിലും നാട്ടുതോടുകളിലും പുറമ്പോക്കുകളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്ന സംഘം വിലസുന്നു. കക്കൂസ് മാലിന്യങ്ങളും ഇറച്ചി അവശിഷ്ടങ്ങളുമാണ് ഇതില്‍ ഏററവും പ്രധാനം. എറണാകുളം ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ ടാങ്കര്‍ ലോറികളില്‍ എത്തിച്ച് വേമ്പനാട്ടുകായല്‍, മൂവാററുപുഴയാറിന്റെ വിവിധ ഭാഗങ്ങളായ ഇത്തിപ്പുഴ, വെട്ടിക്കാട്ട്മുക്ക്, തട്ടാവേലി, പൊട്ടന്‍ചിറ ഭാഗങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ രംഗത്തുവന്നെങ്കിലും കാര്യമായ പ്രയോജനങ്ങളൊന്നും ഉണ്ടായില്ല. നാട്ടുതോടുകളിലും മാലിന്യങ്ങള്‍ ഒഴുക്കുന്നത് വ്യാപകമായിട്ടുണ്ട്. തലയോലപ്പറമ്പ്, ടി.വി പുരം പഞ്ചായത്തുകളിലെ നാട്ടുതോടുകളെയാണ് മാലിന്യനിക്ഷേപം തകര്‍ത്തിരിക്കുന്നത്. തലയോലപ്പറമ്പ് പഞ്ചായത്തിലെ കുറുന്തറ പുഴയും മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്. കുറുന്തറപ്പുഴയ്ക്ക് ശാപമോക്ഷമുണ്ടാക്കുവാന്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും നടപ്പിലായിക്കണ്ടില്ല. കുറുന്തറ പുഴയുടെ ദയനീയാവസ്ഥ വടയാര്‍ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടിക്കഴിയുന്ന ഇവിടെയുള്ളവര്‍ ഇപ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം കാശിനുവാങ്ങേണ്ട ഗതികേടിലാണ്. കോരിക്കല്‍, പഴമ്പെട്ടി, പൊന്നുരുക്കുംപാറ, മാത്താനം മേഖലകളിലുള്ളവര്‍ ജലക്ഷാമത്തില്‍ ഏററവുമധികം വലയുന്നത്. മൂവാററുപുഴയാറിന്റെ തളര്‍ത്തുന്നത് ഇറച്ചി അവശിഷ്ടങ്ങളാണ്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടകളിലെ അവശിഷ്ടങ്ങള്‍ മുഴുവനായി തള്ളുന്നത് മൂവാററുപുഴയാറിലേക്കാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. സമ്പൂര്‍ണശുചിത്വ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ജില്ലാ അധികാരികള്‍ ഈ വിഷയത്തില്‍ കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂവാററുപുഴയാറിനെ സംരക്ഷിക്കുവാന്‍ രൂപപ്പെട്ടിരിക്കുന്ന കൂട്ടായ്മകളെയെല്ലാം തകര്‍ത്തെറിയുന്ന രീതിയിലാണ് മാലിന്യമാഫിയയുടെ അഴിഞ്ഞാട്ടം. ഈ വിഷയത്തില്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ കര്‍മനിരതരായി രംഗത്തുവരണമെന്നതാണ് ജനങ്ങളുടെ ആവശ്യം.