Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ തീര്‍ത്തും ദയനീയം.
28/12/2019
തലയോലപ്പറമ്പ് മാര്‍ക്കറ്റ് റോഡ് തകര്‍ന്ന നിലയില്‍.

വൈക്കം: തലയോലപ്പറമ്പിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥ തീര്‍ത്തും ദയനീയം. ഗതാഗതത്തിനു റോഡ് ഭീഷണി ഉയര്‍ത്തിയിട്ടും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ട പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തികഞ്ഞ നിഷ്‌ക്രിയത്വമാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. പഞ്ചായത്ത് ഓഫീസിനുമുന്നിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്നു തരിപ്പണമായിട്ട് കാലമേറെയായി. ഇവിടെ അപകടങ്ങള്‍ പതിവാണ്. ഇരുചക്രങ്ങള്‍ കുഴിയില്‍പെട്ട് അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതെല്ലാം കണ്ടുപോകുന്നു. പ്രധാനറോഡായ മാര്‍ക്കറ്റ് റോഡിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. വാഹനത്തിരക്കില്‍ റോഡ് പൊറുതിമുട്ടുമ്പോള്‍ അപകടങ്ങള്‍ ഏറുകയാണ്. സപ്ലൈ സൂപ്പര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റിനുസമീപം വന്നതോടെ ഇങ്ങോട്ടെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ഇതിനുമുന്നിലുള്ള കലുങ്കും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. റോഡ് നിര്‍മിച്ചപ്പോള്‍ തന്നെ കലുങ്കിനെ പാതവഴിയില്‍ ഉപേക്ഷിച്ച് അധികാരികള്‍ മടങ്ങി. കലുങ്കും അപ്രോച്ച് റോഡും തമ്മിലുള്ള വിടവാണ് പ്രശ്‌നം. രാത്രി പകല്‍ വ്യത്യാസമില്ലാതെ കലുങ്കും റോഡും തമ്മിലുള്ള വിടവില്‍ വാഹനങ്ങള്‍ മറിയുന്നു. അതുപോലെ തന്നെയാണ് കാല്‍നടയാത്ര പോലും സാധ്യമില്ലാത്തവിധം റോഡ് തകര്‍ന്നുകിടക്കുന്നത്. ഇവിടെയെല്ലാം പഞ്ചായത്തിന്റെ കെടുകാര്യസ്ഥത തന്നെയാണ് തെളിഞ്ഞുനില്‍ക്കുന്നത്. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍നടത്തി പൊതുമരാമത്തിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ അധികാരികള്‍ക്കു കഴിയാതെ വരുന്നതാണ് പ്രധാന പ്രശ്‌നം. ചന്തപ്പാലത്തിലൂടെ അടിയത്തേക്കുപോകുന്ന റോഡും തകര്‍ന്നുകിടക്കുകയാണ്. റോഡെല്ലാം സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്തുവകുപ്പ് തന്നെ മുന്നിട്ടിറങ്ങണമെന്നതാണ് ജനകീയ ആവശ്യം.