Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ കാലപ്പഴക്കം ചെന്ന ജലവിതരണക്കുഴലുകളും ഉപരിതല ജലസംഭരണിയും മാറ്റി പുതിയവ നിര്‍മ്മിക്കണമെന്ന് 'ട്രാക്ക്'
27/12/2019

വൈക്കം: കാലപ്പഴക്കം ചെന്ന ജലവിതരണക്കുഴലുകളും ഉപരിതല ജലസംഭരണിയും മാറ്റി പുതിയവ നിര്‍മ്മിച്ചില്ലെങ്കില്‍ വൈക്കം നഗരസഭാ പ്രദേശങ്ങളിലും സമീപപഞ്ചായത്തുകളിലും വരുംനാളുകളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകും. 10 എം.എല്‍.ഡി യില്‍ താഴെ ശുദ്ധജലമാണ് ജലഅഥോറിട്ടി വൈക്കം ഡിവിഷനു കീഴിലെ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ വൈക്കം നഗരസഭ ഒഴികെയുള്ള 7 പഞ്ചായത്തുകളായ ചെമ്പ്, മറവന്‍ന്തുരുത്ത്, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളില്‍ പുതിയ ഉപരിതല ജലസംഭരണികളും പുതിയ ജലവിതരണകുഴലുകളും നിര്‍മ്മിച്ചു കഴിഞ്ഞു. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിംഗ് ലൈനുകളും സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ചു വരുന്നു. നഗരസഭയില്‍ വാട്ടര്‍ അഥോറിട്ടി വൈക്കം ഓഫീസ് കോമ്പൗണ്ടിലുള്ള കാലപ്പഴക്കം ചെന്ന ഉപരിതല ജലസംഭരണിക്ക് 2 ലക്ഷം ലിറ്റര്‍ സംഭരണശേഷി മാത്രമാണുള്ളത്. ഇത് 40 വര്‍ഷം പഴക്കം ചെന്നതുമാണ്. കൂടാതെ ടാങ്ക് അപകടാവസ്ഥയിലാണെന്ന് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളതുമാണ്. കാലപ്പഴക്കം വന്ന ടാങ്കിനു പകരമായി കൂടുതല്‍ സംഭരണശേഷിയുള്ള പുതിയ ടാങ്കും വിതരണക്കുഴലുകളും നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ജലവിഭവവകുപ്പ് മന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ (ട്രാക്ക്) നിവേദനങ്ങള്‍ നല്‍കിയിരുന്നു. 40 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള ജലവിതരണക്കുഴലുകള്‍ പൊട്ടുന്നത് വൈക്കത്ത് നിത്യസംഭവമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജലഅഥോറിട്ടിയുടെ വൈക്കം അയ്യര്‍കുളങ്ങരയിലെ സ്ഥലത്ത് 10 ലക്ഷം ലിറ്ററിന്റെ ഉപരിതല സംഭരണി നിര്‍മ്മിച്ചും വിതരണക്കുഴലുകള്‍ നിര്‍മ്മിച്ചും കുടിവെള്ള സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ട്രാക്ക് ആവശ്യപ്പെട്ടു. ടാങ്ക് നിര്‍മ്മിച്ചാല്‍ വൈക്കം നഗരസഭാ പ്രദേശങ്ങളിലും, സമീപ പഞ്ചായത്തുകളായ ഉദയനാപുരം, തലയാഴം, വെച്ചൂര്‍, ടി.വി പുരം പ്രദേശങ്ങളിലെ ജനങ്ങള്‍ ഉപകാരപ്രദമായിരിക്കും. ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.അബു, എ.ബാബു, രാജന്‍ കൊല്ലേരില്‍, ബി.വിജയന്‍, ബാബു റ്റി.ജി, സുനില്‍.പി, ദേവദാസ്, അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.