Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം മൂന്നു മേഖലാ ജാഥകള്‍ സംഘടിപ്പിക്കും
23/12/2019

വൈക്കം: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്നു മേഖലാ ജാഥകള്‍ ഡിസംബര്‍ 26ന് ആരംഭിച്ച് 31ന് സമാപിക്കുമെന്ന് ഐ.എന്‍.റ്റി.യൂ.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ വൈക്കത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ -തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി സംഘടനകളും സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. സ്വാതന്ത്ര്യനന്തര ഭാരതം വളര്‍ത്തിയെടുത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്. ബി.പി.സി.എല്‍ അടക്കം ലാഭത്തിലുള്ള സ്ഥാപനങ്ങളെല്ലാം വില്‍ക്കുകയാണ്. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തുണ്ടാക്കിയ തൊഴിലാളി സുരക്ഷിതത്വ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാറ്റി മറിക്കുന്നു. 44 നിയമങ്ങള്‍ നാലെണ്ണമാക്കി ക്രോഡീകരിക്കുകയാണ്. ഈ നിയമങ്ങളിലെ തൊഴില്‍ സംരക്ഷണ വ്യവസ്ഥകള്‍ ഇല്ലാതാക്കുകയാണ്. ഇതോടൊപ്പം തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് ജനജീവിതം ദുരിതപൂര്‍ണ്ണമാകുകയാണ്. ഇതടക്കം പന്ത്രണ്ടോളം ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി കേന്ദ്ര സര്‍ക്കാരുകള്‍ക്കു മുമ്പില്‍ വച്ച ഡിമാന്റുകളാണിവ. നാളിതുവരെ പങ്കെടുക്കാത്ത വിഭാഗങ്ങള്‍ ഈ പണിമുടക്കില്‍ പങ്കെടുക്കും. തൊഴിലാളികളോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കും. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഐ.എന്‍.റ്റി.യൂ.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ ക്യാപ്റ്റനായിട്ടുള്ള തെക്കന്‍മേഖല ജാഥയുടെ ഉദ്ഘാടനം 26ന് വൈകിട്ട് 5ന് വൈക്കം ബോട്ടുജെട്ടിയില്‍ സി.ഐ.ടി.യൂ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യൂ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍ അദ്ധ്യക്ഷത വഹിക്കും. 31ന് തിരുവനന്തപുരത്ത് സമാപന സമ്മേളനം എ.ഐ.റ്റി.യൂ.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ ഉദ്ഘാടനം ചെയ്യും. എളമരം കരീം ക്യാപ്റ്റനായിട്ടുള്ള മധ്യമേഖല ജാഥയുടെ സമാപനം 31ന് എറണാകുളത്ത് ഐ.എന്‍.റ്റി.യൂ.സി അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയും കെ.പി രാജേന്ദ്രന്‍ ക്യാപ്റ്റനായിട്ടുള്ള വടക്കന്‍ മേഖലാ ജാഥയുടെ സമാപനം കോഴിക്കോട് സി.ഐ.റ്റി.യൂ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ഹേമലതയും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഫിലിപ്പ് ജോസഫ്, അക്കരപ്പാടം ശശി, എം.വി മനോജ്, പി.വി പ്രസാദ്, വി.റ്റി ജയിംസ്, ഇടവട്ടം ജയകുമാര്‍, വിവേക് പ്ലാത്താനത്ത്, വൈക്കം ജയന്‍ എന്നിവര്‍ പങ്കെടുത്തു.