Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്‍ക്കെട്ടിലെ വിള്ളലിലൂടെ ഓരു വെള്ളം ശക്തമായി അകത്തേയ്ക്കു കയറുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.
21/12/2019
തലയാഴം മത്തുങ്കലില്‍ സ്ഥാപിച്ച ഓരുമുട്ട്.

വൈക്കം: തലയാഴം മത്തുങ്കല്‍ ഓരുമുട്ടിനു സമീപത്തുള്ള കല്‍ക്കെട്ടിലെ വിള്ളലിലൂടെ ഓരു വെള്ളം ശക്തമായി അകത്തേയ്ക്കു കയറുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. വേമ്പനാട്ടു കായലുമായി മുട്ടുങ്കല്‍തോട് സംഗമിക്കുന്നതിനടുത്താണ് ഓരുമുട്ടു സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഇവിടെ ഓരുമുട്ടു സ്ഥാപിച്ചപ്പോള്‍ കല്‍ക്കെട്ടിലെ വിള്ളലിലൂടെ ഓരുവെള്ളം അകത്തെത്തിയിരുന്നു. വേലിയേറ്റം ശക്തമായപ്പോള്‍ ഓരു മുട്ടിന്റെ മീതെ ശക്തമായി വെള്ളമൊഴുകുകയും ചെയ്തു. തലയാഴത്തു മാത്രം 2500 ഏക്കറിലധികം നെല്‍കൃഷിയും അതിന്റെ പല മടങ്ങ് പച്ചക്കറി, ജാതി, കപ്പ, വാഴ തുടങ്ങിയ കൃഷികളുമുണ്ട്. സാധാരണ കര്‍ഷകര്‍ക്കു പുറമെ കുടുംബശ്രീകളും പുരുഷ സ്വയംസഹായ സംഘങ്ങളും പാട്ടത്തിനെടുത്ത കൃഷിയിടങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ഓരുവെള്ളം കയറി പച്ചക്കറി കൃഷി ഉള്‍പ്പെടെ വ്യാപകമായി നശിച്ചിരുന്നു. കരിങ്കല്‍ക്കെട്ട് ഒഴിവാക്കി ഓരുമുട്ടു സ്ഥാപിച്ചിരുന്നെങ്കില്‍ കല്‍ക്കെട്ടിന്റെ വിള്ളലിലൂടെ ഓരുവെള്ളം മുട്ടിനകത്തേയ്ക്കു കയറുന്നത് ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓരുവെള്ളം കയറി കൃഷി നാശമുണ്ടാകുന്നത് തടയാന്‍ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ചു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പറപ്പള്ളി അറിയിച്ചു.