Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സപ്ലൈക്കോ അപ്പര്‍കുട്ടനാട്ടിലെ നെല്ല് സംഭരിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പണം ഇതുവരെ ബാങ്കില്‍നിന്നും വിതരണം ചെയ്യാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
11/12/2019

വൈക്കം: സപ്ലൈക്കോ അപ്പര്‍കുട്ടനാട്ടിലെ നെല്ല് സംഭരിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പണം ഇതുവരെ ബാങ്കില്‍നിന്നും വിതരണം ചെയ്യാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് വരള്‍ച്ചയെയും പ്രളയത്തെയും കീടബാധയെയും പ്രതിരോധിച്ചാണ് ഇത്തവണ കൃഷി ഇറക്കിയത്. അതുകൊണ്ട് തന്നെ വന്‍സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. വിളവാണെങ്കില്‍ വളരെ തുച്ഛവുമായിരുന്നു. കഴിഞ്ഞ വര്‍ഷം സംഭരിച്ച നെല്ലിന്റെ വില ബാങ്കില്‍നിന്നും ലോണ്‍ ആയിട്ടാണ് കര്‍ഷകര്‍ക്ക് കൊടുത്തിരിക്കുന്നത്. ബാങ്ക് കര്‍ഷകര്‍ക്ക് കൊടുത്ത തുക ഇനിയും സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൊടുത്തിട്ടില്ല എന്ന ന്യായം പറഞ്ഞാണ് ഇത്തവണ നെല്ലിന്റെ പണം വിതരണം ചെയ്യാത്തത്. ദരിദ്രരായ നെല്‍കര്‍ഷകരെ കിട്ടാക്കടക്കാരായി പ്രഖ്യാപിച്ച് നോട്ടീസും മെസേജും അയച്ചു തുടങ്ങിയിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നെല്ല് സംഭരണം അട്ടിമറിക്കപ്പെടുകയും സര്‍ക്കാര്‍ സംഭരണവിലയില്‍നിന്നും താഴ്ത്തി സ്വകാര്യ മില്ലുടമകള്‍ക്ക് നെല്ല് കൊടുക്കേണ്ടിവരുകയും ചെയ്യുന്ന ഗതികേടിലായിരിക്കും കര്‍ഷകര്‍ എത്തിച്ചേരുക. ഇത് നെല്‍കൃഷി രംഗത്തുനിന്നും കര്‍ഷകര്‍ വിട്ടുപോകാന്‍ ഇടവരുത്തും. അതുകൊണ്ട് സഹകരണ ബാങ്കുകളിലൂടെയും എസ്.ബി.ഐയിലൂടെയും നെല്‍കര്‍ഷകരുടെ പണം അടിയന്തിരമായി വിതരണം ചെയ്യണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സി.പി.ഐ എം.എല്‍ ജില്ലാ സെക്രട്ടറി സി.എസ് രാജു ആവശ്യപ്പെട്ടു.