Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകതൊഴിലാളി യൂണിയന്‍ (ബി.കെ.എം.യു) നേതൃത്വത്തില്‍ പാടശേഖരത്തിലേക്ക് മാര്‍ച്ച് നടത്തി കൊടിനാട്ടി.
12/03/2016
കര്‍ഷകതൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം അറാതുകരി പാടശേഖരത്തിലേക്ക് നടത്തിയ മാര്‍ച്ച് ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭൂപരിഷ്‌കരണനിയമത്തെ അട്ടിമറിച്ചുകൊണ്ട് ചെമ്പ് ഗ്രാമപഞ്ചായത്തിലെ അറാതുകരി പാടശേഖരം നികത്താന്‍ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ കര്‍ഷകതൊഴിലാളി യൂണിയന്‍ (ബി.കെ.എം.യു) നേതൃത്വത്തില്‍ പാടശേഖരത്തിലേക്ക് മാര്‍ച്ച് നടത്തി കൊടിനാട്ടി. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി പി.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലത്തിനടുത്തുള്ള 150.73 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കി 2016 ഫെബ്രുവരി മൂന്നിന് നടന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഉത്തരവിറക്കിയത്. വിവിധോദ്ദേശ്യ സമൃദ്ധി വില്ലേജ് പ്രോജക്ട് ആരംഭിക്കുന്നതിനായാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവററ് ലിമിററഡിന് ഭൂപരിഷ്‌ക്കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരമാണ് മുന്‍കൂര്‍ ഇളവ് അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവ് നല്‍കിയത്. ഈ നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശം വെക്കാവുന്നത്. പ്ലാന്റേഷന്‍ മേഖലയില്‍ മാത്രമാണ് ഇതിന് ഇളവുള്ളത്. ഈ നിയമങ്ങളെല്ലാം കാററില്‍പറത്തിയാണ് അറുന്നൂറ് ഏക്കറിലധികം വരുന്ന അരികുപുറം, പുത്തന്‍കരി,വടക്കേകീച്ചേരികരി, തെക്കേകീച്ചേരികരി പാടശേഖരത്തിന്റെ ഇടയില്‍ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 150.73 ഏക്കര്‍ അറാതുകരി പാടമാണ് നികത്താന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ബ്രഹ്മമംഗലം നീര്‍ത്തടമെന്നറിയപ്പെടുന്ന ഇവിടം പഞ്ചായത്തിന്റെ നീര്‍ത്തട മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. നിരവധി തോടുകളും ചെറുപുഴയുമുള്ള ഇവിടം മണ്ണിട്ട് നികത്തുന്നത് കൃഷിയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയാകുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമങ്ങളെ അട്ടിമറിച്ച് നിര്‍മാണം ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം നീക്കങ്ങളെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് പി.സുഗതന്‍ പറഞ്ഞു. എ.സി വാവച്ചന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറിമാരായ വി.കെ പുഷ്‌കരന്‍, എം.കെ ശീമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോള്‍, സുധര്‍മന്‍, ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം സുനില്‍കുമാര്‍, പി.സി ഹരിദാസ്, വി.പി കുട്ടി എന്നിവര്‍ പ്രസംഗിച്ചു.