Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂപരിഷ്‌ക്കരണ നിയമങ്ങളെ കാററില്‍പ്പറത്തി നിലം നികത്താന്‍ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദത്തിലേക്ക്.
10/03/2016
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മമംഗലത്തുള്ള അറാതുകരി പാടശേഖരം

ഭൂപരിഷ്‌ക്കരണ നിയമങ്ങളെ കാററില്‍പ്പറത്തി നിലം നികത്താന്‍ സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദത്തിലേക്ക്. സംഭവം വലിയ രാഷ്ട്രീയ പൊട്ടിത്തെറികള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഇതിന്റെ നിചസ്ഥിതി ആരെയെല്ലാം വെള്ളം കുടിപ്പിക്കുമെന്നുള്ള കാര്യം കാത്തിരുന്നു കാണേണ്ടതാണ്. കാരണം എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഇതില്‍ ഇടപെടലുകള്‍ നടത്തിയതായാണ് സൂചന. പ്രതിഷേധ സമരവുമായി സി.പി.എമ്മും സിപി.ഐയും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാദേശികനേതൃത്വം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലാണ് 150.73 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കി 2016 ഫെബ്രുവരി മൂന്നിന് നടന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഉത്തരവിറക്കിയത്. വിനോദസഞ്ചാരം,വിദ്യാഭ്യാസം,വാണിജ്യ വ്യവസായം,വിവര സാങ്കേതിക വിദ്യഎന്നിവയുള്‍പ്പെടുന്ന പദ്ധതിയ്ക്കായി സമൃദ്ധി വില്ലേജ് പ്രോജക്ട് ആരംഭിക്കുന്നതിനായി എറണാകുളം കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവററ് ലിമിററഡിന് ഭൂപരിഷ്‌ക്കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം മുന്‍കൂര്‍ ഇളവ് അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുള്ളത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി സുരേഷ്ബാബു, കെ.അജിത്ത് എം.എല്‍.എ എന്നിവരെല്ലാം ആരംഭത്തില്‍ സ്മാര്‍ട്ട് വില്ലേജിനോട് അനുകൂല നിലപാട് പുലര്‍ത്തിയവരാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്താണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശംവെക്കാവുന്നത്. പ്ലാന്റേഷന്‍ മേഖലയിലാണ് ഇതിന് ഇളവുള്ളത്. ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനിയുടെ എംഡി നല്‍കിയ അപേക്ഷയിലാണ് ഇളവ് നല്‍കിയത്. അറുന്നൂറ് ഏക്കറിലധികം വരുന്ന അരികുപുറം, പുത്തന്‍കരി,വടക്കേകീച്ചേരികരി, തെക്കേകീച്ചേരികരി പാടശേഖരത്തിന്റെ ഇടയിലുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ള 150.73 ഏക്കര്‍ അറാതുകരി പാടമാണ് നികത്താന്‍ ഉത്തരവായത്. ബ്രഹ്മമംഗലം നീര്‍ത്തടമെന്നറിയപ്പെടുന്ന ഇവിടെ പഞ്ചായത്തിന്റെ നീര്‍ത്തട മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. നിരവധി തോടുകളും ചെറുപുഴയുമുള്ള ഇവിടം മണ്ണിട്ട് നികത്തുന്നത് കൃഷിയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയാകുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. പദ്ധതിക്കായി ഏതാനും വര്‍ഷം മുന്‍പ് കമ്പനി ശ്രമിച്ചപ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് കോട്ടയം കലക്ടറായിരുന്ന മിനി ആന്റണി സ്ഥലം നേരില്‍ സന്ദര്‍ശിച്ച് കൃഷിസ്ഥലമാണെന്ന് ബോധ്യപ്പെട്ട് നികത്താനുള്ള അനുമതി നിഷേധിച്ചിരുന്നു. ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ആഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരും നിലവും നീര്‍ച്ചാലുകളും നികത്തിയുള്ള പദ്ധതിക്കെതിരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. മുപ്പത് ഏക്കറോളം പുറമ്പോക്ക് ഭൂമി ഇവിടെയുണ്ടെന്ന നാട്ടുകാരുടെ നിലപാടിന് മുന്നില്‍ പത്തേക്കര്‍ ഭൂമിയുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. നിലംനികത്താനുള്ള നീക്കത്തിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായി. 2012ല്‍ രഹസ്യമായി വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഇവിടെ ഈ ഉത്തരവുകൂടി വരുന്നതോടെ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമങ്ങളെ അട്ടിമറിച്ച് നിര്‍മ്മാണം ആരംഭിക്കാനാണ് നീക്കം. ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ ചിലര്‍ക്കെതിരെ വന്‍കിട ലോബിയുമായി ബന്ധമുണ്ടെന്നുള്ള ആക്ഷേപം നാട്ടില്‍ പാട്ടാണ്. ഇവിടെ ഏററവുമധികം പഴി കേള്‍ക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയ നേതാവ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് മറെറാരു പാര്‍ട്ടിയിലാണ്.