Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരിച്ചുവരവിനൊരുങ്ങി വെള്ളൂര്‍ പഞ്ചായത്ത്.
29/11/2019

വൈക്കം: വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ തിരിച്ചുവരവിനൊരുങ്ങി വെള്ളൂര്‍ പഞ്ചായത്ത്. ന്യൂസ്പ്രിന്റ് ഫാക്ടറിയും പിറവം റോഡ് റെയില്‍വേ സ്റ്റേഷനും മൂവാറ്റുപുഴയാറില്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കിയ മണല്‍ സമ്പത്തും ഇടക്കാലത്ത് ഉദിച്ചുയര്‍ന്ന സിമന്റ് ഫാക്ടറിയുമെല്ലാം പഞ്ചായത്തിന്റെ മാര്‍ഗദീപങ്ങളായിരുന്നു. എന്നാല്‍ അതിവേഗം പേപ്പര്‍ കമ്പനി പ്രതിസന്ധിയിലാവുകയും മൂവാറ്റുപുഴയാറിലെ മണല്‍ ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേന്ദ്ര പരിസ്ഥിതി വകുപ്പ് തടയുകയും ചെയ്തതോടെ തുടങ്ങിയതാണ് വെള്ളൂരിന്റെ ദുരവസ്ഥ. എന്നാല്‍ കമ്പനിയും മണലൂറ്റുമെല്ലാം സജീവമായപ്പോഴും ഇതിനെയെല്ലാം ഉപയോഗിച്ച് പഞ്ചായത്തില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ക്ക് സാധിച്ചിരുന്നില്ല. കമ്പനി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. ഇതുവലിയ പ്രതീക്ഷകളാണ് നാടിനു സമ്മാനിച്ചിരിക്കുന്നത്. വെള്ളൂരിനൊപ്പം പിറവം, മുളക്കുളം, പെരുവ, കടുത്തുരുത്തി, തലയോലപ്പറമ്പ് ടൗണുകളും ആഹ്ലാദത്തിലാണ്. കാരണം കമ്പനി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വെള്ളൂരിലേക്ക് ആളുകള്‍ എത്തുകയുള്ളൂ. വെള്ളൂര്‍ എന്ന ഗ്രാമം രാജ്യം അറിയാന്‍ തുടങ്ങിയത് ന്യൂസ്പ്രിന്റ് ഫാക്ടറിയിലൂടെയാണ്. കമ്പനി പൂട്ടിയതോടെ ഗ്രാമത്തിന്റെ ശനിദശയും ആരംഭിച്ചു. പഞ്ചായത്തിന്റെ വരുമാനത്തില്‍ എന്നും അത്താണി വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറി തന്നെയായിരുന്നു. പിറവം റോഡ് റെയില്‍വേ സ്റ്റേഷനെയും കമ്പനിയുടെ പ്രതിസന്ധി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എറണാകുളം, കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തൃപ്പൂണിത്തുറയ്ക്ക് സമാനമായ രീതിയില്‍ വരുമാനം ലഭിച്ചിരുന്ന സ്റ്റേഷനുകളില്‍ ഒന്നായിരുന്നു പിറവം റോഡ്. എച്ച്.എന്‍.എല്‍ പൂട്ടിയതോടെ ഇവിടേക്കെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് ഉണ്ടായത്. കമ്പനിയുടെ ആശീര്‍വാദത്തില്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തിയത്. ഇതെല്ലാം അതിവേഗം പൂര്‍ത്തിയാക്കുകയും ചെയ്തു. അതുപോലെ വെള്ളൂര്‍ പഞ്ചായത്തിന്റെ മറ്റൊരു ദുരവസ്ഥയാണ് പണിയുംതോറും നോക്കുകുത്തിയായി കൊണ്ടിരിക്കുന്ന ബസ് സ്റ്റാന്റ്. മാറിമാറി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ തലകുത്തി ശ്രമിച്ചിട്ടുപോലും ബസ് സ്റ്റാന്റിനെ നേര്‍വഴിയിലാക്കാന്‍ സാധിച്ചിട്ടില്ല. ചെറുകര പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീമ്പിളക്കിയിരുന്നു ബസ് സ്റ്റാന്റ് നേര്‍വഴിയിലാകുമെന്ന്. എന്നാല്‍ പാലത്തിലൂടെ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാന്റ് മാത്രം നോക്കുകുത്തിയായി നില്‍ക്കുന്നു. പഞ്ചായത്തിലെ ആയിരക്കണക്കിനു വരുന്ന മണല്‍ തൊഴിലാളികളുടെ അവസ്ഥയും ഇപ്പോള്‍ ദയനീയമാണ്. വെള്ളൂരിന്റെ മണലിനെ ആശ്രയിച്ചു മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്ന നിര്‍മാണ മേഖലയിലും കടുത്ത വെല്ലുവിളികളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. മൂവാറ്റുപുഴയാറിലെ മണല്‍ ഖനനം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംനാളുകളില്‍ ചെറിയ മഴ പെയ്താല്‍ പോലും പഞ്ചായത്തും ഇതിനോടുചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോകും. ഇവിടെയെല്ലാം ജനപ്രതിനിധികളുടെ കൂടിയാലോചനകളാണ് അനിവാര്യം. ഇതിനു എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍, എം.എല്‍.എമാരായ സി.കെ ആശ, മോന്‍സ് ജോസഫ് എന്നിവരെല്ലാം മുന്‍കയ്യെടുക്കണമെന്നതാണ് നാടിന്റെ ആവശ്യം.