Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ്ക്കളുടെ ശല്യം വൈക്കത്തെ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു
08/03/2016
വൈക്കം അയ്യര്‍കുളങ്ങര റോഡില്‍ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍

തെരുവ് നായ്ക്കളുടെ ശല്യം വൈക്കത്തെ ജനജീവിതത്തെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ റോഡുകളിലും പോലീസ് സ്റ്റേഷനിലും ആശുപത്രി പരിസരങ്ങളിലും സത്യഗ്രഹസ്മാരക മന്ദിരത്തിന്റെ കവാടത്തിനുള്ളിലുമെല്ലാം തെരുവ് നായ്ക്കള്‍ പെരുകുകയാണ്. പോലീസ് സ്റ്റേഷനുമുന്നിലെ വെയ്‌ററിംഗ് ഷെഡ്ഡിന് മുന്നില്‍ തെരുവ് നായ്ക്കളുടെ ശല്യം വലിയ കുഴപ്പങ്ങളാണുണ്ടാക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം ഇരുള്‍ വീണാല്‍ അമ്പതിലധികം തെരുവ് നായ്ക്കളാണ് ഇവിടെ നിറയുന്നത്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപെടുന്നത്. സന്ധ്യ മയങ്ങിയാല്‍ ഗ്രാമീണ മേഖലയിലെ റോഡുകളും തുറസായ സ്ഥലങ്ങളുമെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കും. ചില സമയങ്ങളില്‍ ഇവയുടെ ആക്രമണരീതി സ്‌ക്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീതിപ്പെടുത്തുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തലയാഴം പഞ്ചായത്തിലെ തോട്ടകം വാക്കേത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് സാരമായി പരിക്കേററിരുന്നു. മാസങ്ങളോളം ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നഗരസഭ, തലയോലപ്പറമ്പ്, വെള്ളൂര്‍, തലയാഴം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചക്കും സന്ധ്യക്കും എത്തുന്ന വിശ്വാസികള്‍ക്ക് നേരെയും ഇവ ചീറിപ്പാഞ്ഞെത്താറുണ്ട്. മറവന്‍തുരുത്ത്, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ് തെരുവ് നായ്ക്കള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. അടിയം-വെട്ടിക്കാട്ട്മുക്ക്, വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക്, ഇറുമ്പയം-കല്ലുവേലി, മേവെള്ളൂര്‍-മടത്തേടം റോഡുകളെല്ലാം തെരുവ് നായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്. തെരുവ് നായ്ക്കളുടെ പ്രശ്‌നം പഞ്ചായത്തുകളെ വലക്കുകയാണ്. പ്രശ്‌നപരിഹാരം വൈകുന്നത് നാട്ടുകാരുടെ ഇടയില്‍ വലിയപ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വന്ധ്യംകരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഇവയൊക്കെ നടപ്പാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ വന്‍കടമ്പകള്‍ കടക്കേണ്ടിവരും. ഇതുതന്നെയാണ് തെരുവ് നായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാനുള്ള പ്രധാനതടസ്സം.