Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങി.
29/10/2019
100 കോടി രൂപ ചെലവഴിച്ച് വൈക്കം താലൂക്ക് ഗവ: ആശുപത്രിയില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ സ്ഥലപരിശോധനക്കായി എത്തിയ ഹൗസിംഗ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവരോടൊപ്പം.

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച നൂറുകോടിയോളം രൂപ ചെലവഴിച്ച് വൈക്കം താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആശുപത്രി വളപ്പിലെ 80 മീറ്റര്‍ നീളത്തിലും 40 മീറ്റര്‍ വീതിയിലും നിലവിലുള്ള കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ പൊളിച്ചുമാറ്റുന്നത്. ഇവിടെയാണ് പുതിയ കെട്ടിടസമുച്ചയം ഉയരുന്നത്. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലേക്കും, സ്ത്രീകളെ ഓപ്പറേഷനുശേഷം കിടത്തുന്ന ആറാം വാര്‍ഡ് കുട്ടികളുടെ മൂന്നു വാര്‍ഡുകളിലുള്ളതില്‍ ഒന്നിലേക്കും ഷിഫ്റ്റ് ചെയ്യും. ഒന്നാം വാര്‍ഡിലെ രോഗികളെ രണ്ടാം വാര്‍ഡിലേക്കു മാറ്റാനും തീരുമാനമായി. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും സ്ഥലപരിശോധനക്കുമായി ഹൗസിങ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തി. ഹൗസിങ് ബോര്‍ഡ് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) പ്രകാരം 95.37 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി ഉന്നതാധികാര സമിതി അന്തിമ അംഗീകാരം നേരത്തെ നല്‍കിയിരുന്നു. 67.96 കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു നിലകളിലായി രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഉപകരണങ്ങള്‍ക്കായി 27.41 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആരോഗ്യ വകുപ്പ് നല്‍കും. ആശുപത്രി നവീകരണത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെ ജില്ലയിലെ ഏറ്റവും തിരക്കേറിയ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കാണ് പരിഹാരമാകുന്നത്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമട്ടുന്ന ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന നാടിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിത്യവും ആയിരക്കണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസഹായത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, ലേ സെക്രട്ടറി റെജി മാത്യു, ഹൗസിങ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരായ കെ.പി കൃഷ്ണകുമാര്‍, സി.ഡി ഷാന്‍രാജ്, കെ.എം ഷീന, കെ.ശ്രീലത, പ്രതാപ് രാജ് എന്നിവര്‍ ആശുപത്രിയില്‍ നടന്ന സ്ഥലപരിശോധനയില്‍ പങ്കെടുത്തു.