Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മടവീണും പുറംബണ്ടു തകര്‍ന്നും വടയാര്‍ വില്ലേജില്‍ തെക്കേക്കരി പാടശേഖരത്തെ 220 ഏക്കര്‍ കൃഷി നശിച്ചു.
22/10/2019
വടയാര്‍ വില്ലേജില്‍ തെക്കേക്കരി പാടശേഖരത്തിലെ മടവീണ് പ്രളയജലം കുത്തിയൊഴുകുന്നു. പ്രളയജലത്തില്‍ മുങ്ങിയ മോട്ടോര്‍പുരയും കാണാം.

വൈക്കം: മടവീണും പുറംബണ്ടു തകര്‍ന്നും വടയാര്‍ വില്ലേജില്‍ തെക്കേക്കരി പാടശേഖരത്തെ 220 ഏക്കര്‍ കൃഷി നശിച്ചു. വിതച്ച നാലാം ദിവസമാണ് ഓര്‍ക്കാപ്പുറത്ത് കനത്തമഴയുണ്ടായത്. !52 കര്‍ഷകര്‍ ചേര്‍ന്നാണ് ഇക്കുറി കൃഷിയിറക്കിയത്. വിതച്ച ശേഷം പുറം ബണ്ടുകളും മടകളും ബലപ്പെടുത്തിയെങ്കിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം സംരക്ഷണ വലയങ്ങള്‍ തകര്‍ത്തു. കൃഷിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന മോട്ടോര്‍പുരയും പ്രളയജലത്തില്‍ മുങ്ങി പ്രവര്‍ത്തനരഹിതമായി. കര്‍ഷകക്കൂട്ടായ്മയില്‍ നിലമൊരുക്കി വിത്തുപാകിയപ്പോള്‍ 33 ലക്ഷം രൂപയാണ് ചെലവായതെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഈ അധ്വാനമാണ് നിമിഷങ്ങള്‍ കൊണ്ട് പ്രളയത്തില്‍ അലിഞ്ഞുപോയത്. ഏറ്റവും നല്ല വിളവു കിട്ടിയിരുന്ന കൃഷിമേഖലയാണിത്. കഴിഞ്ഞവര്‍ഷം 500 ടണ്‍ നെല്ല് സിവില്‍ സപ്ലൈസിന് വിറ്റഴിച്ചതാണ്. ആ പ്രതീക്ഷയാണ് ഇക്കുറി പ്രളയജലം തകര്‍ത്തത്. വീണ്ടും കൃഷിയിറക്കണമെങ്കില്‍ വിത്തും വളവും ലഭ്യമാക്കണം. പുറംബണ്ടുകളും മടകളും ബലപ്പെടുത്തണം. ഇതിനായി ഭാരിച്ചൊരു തുക ചെലവു വരും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായം ഉണ്ടായാല്‍ മാത്രമേ വീണ്ടുമൊരു കൃഷിയെപ്പറ്റി ചിന്തിക്കാന്‍ പറ്റുകയുള്ളെന്ന് പാടശേഖരസമിതി പ്രസിഡന്റ് പി.ആര്‍ രാജീവ്, കണ്‍വീനര്‍ ടി.വി രാജീവ്, ട്രഷറര്‍ മോഹന്‍ദാസ് എന്നിവര്‍ പറഞ്ഞു. നാലുകിലോമീറ്റര്‍ ചുറ്റളവ് വരുന്ന പാടശേഖരത്തിന്റെ പുറംബണ്ടുകള്‍ അരമീറ്റര്‍ ഉയര്‍ത്തി ബലപ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.