Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നട യാത്രപോലും ദുരിതപൂര്‍ണ്ണമാക്കി മറവന്‍ന്തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡ്
21/10/2019
ടോള്‍-ചെമ്മനാകരി റോഡ്.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡ് തകര്‍ന്നു തരിപ്പണമായതോടെ കാല്‍നട യാത്രപോലും ദുരിതപൂര്‍ണമായി. കേരളത്തിലെ അറിയപ്പെടുന്ന ആശുപത്രികളിലൊന്നായ ഇന്‍ഡോഅമേരിക്കന്‍ ആശുപത്രിയിലേക്ക് ദിവസവും അത്യാസന്ന നിലയിലായ രോഗികളുമായി എത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെയാണ്. ഇവര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ റോഡിന്റെ ശോച്യാവസ്ഥ മൂലം രോഗിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകുന്ന സാഹചര്യമാണുള്ളത്. വലിയ കുഴികള്‍ രൂപപ്പെട്ട് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹനയാത്രയും കാല്‍നട യാത്രയും ഒരുപോലെ ദുഷ്‌കരമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിന്നും ഉയരുന്ന പൊടിപടലങ്ങള്‍ കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയുമാണ് ഏറെ വലക്കുന്നത്. നിരവധി തവണ ടൂ വീലറുകള്‍ അപകടത്തില്‍പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ടോള്‍ മുതല്‍ ചാലുംകടവ് പാലം വരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചശേഷം റോഡ് പൂര്‍ണമായി ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാമെന്ന് പഞ്ചായത്ത് അധികാരികള്‍ക്ക് കരാറുകാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെ റോഡ് പൊളിക്കാന്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ നീക്കം തുടങ്ങിയതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ റോഡ് പുനര്‍നിര്‍മാണവും അവതാളത്തിലായി. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് റോഡിലെ ചാലുംകടവ് മുതല്‍ ചെമ്മനാകരി വരെയുള്ള ഭാഗം തകര്‍ന്നു കൂടുതല്‍ നാശോന്മുഖമായിരിക്കുകയാണ്. സി.കെ ആശ എം.എല്‍.എയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ബജറ്റില്‍ റോഡ് നവീകരണത്തിന് കിഫ്ബിയില്‍ നിന്നും 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കിഫ്ബി നിയമമനുസരിച്ചുള്ള 10 മീറ്റര്‍ വീതിയില്ലാത്തതും ബജറ്റില്‍ അനുവദിച്ച റോഡ് നവീകരണം പ്രതിസന്ധിയിലാക്കി. അതേസമയം നിലവിലെ പൈപ്പ് മാറ്റി സ്ഥാപിക്കാത്ത ചാലുംകടവ് മുതല്‍ ചെമ്മനാകരി വരെയുള്ള റോഡ് നവീകരണത്തിന് സി.കെ ആശ എം.എല്‍.എയുടെ ആസ്തിവികസനഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ജപ്പാന്‍ പൈപ്പ് സ്ഥാപിക്കല്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമാന്തര റോഡ്, കുടിവെള്ള, ഗതാഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയശേഷം നവംബറോടെ റോഡ് കുഴിച്ച് പൈപ്പ് ഇടുന്ന ജോലികള്‍ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടാതെ പൈപ്പ് സ്ഥാപിച്ചശേഷം ആധുനിക രീതിയില്‍ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്തിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.