Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവലോകന യോഗം നടത്തി
19/10/2019

വൈക്കം: അഷ്ടമിക്ക് ഇക്കുറി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മഹാദേവ ക്ഷേത്രത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ എണ്ണ കൊടുക്കുന്നതടക്കമുള്ളതെല്ലാം നിരോധിക്കും. വഴിവാണിഭ കച്ചവടക്കാര്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കൂടുകളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും ഉപയോഗിക്കാന്‍ പാടില്ല. വൈക്കം ക്ഷേത്രത്തില്‍ മണ്‍കുടത്തില്‍ വെള്ളം നിറച്ച് മണ്‍ഗ്ലാസില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യും. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പച്ചയോലകൊണ്ട് തീര്‍ത്ത വല്ലങ്ങള്‍ സ്ഥാപിക്കും. ഈ വല്ലത്തില്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റും ജനങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ പറഞ്ഞു. അഷ്ടമിയോടനബന്ധിച്ചുള്ള കച്ചവടത്തില്‍ കരിമ്പുകള്‍ ചെറിയ കക്ഷണങ്ങളാക്കി മാത്രമേ കച്ചവടം ചെയ്യാന്‍ അനുവദിക്കാവൂ എന്ന് എ.എസ്.പി അരവിന്ദ് സുകുമാര്‍ നിര്‍ദേശിച്ചു. അഷ്ടമി ദിവസങ്ങളില്‍ വലിയകവല മുതല്‍ ബോട്ട്‌ജെട്ടി വരെ റോഡിന്റെ ഇരുവശങ്ങളിലെയും പാര്‍ക്കിങ്ങ് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നു. വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണം. വൈദ്യുതിലൈനില്‍ മുട്ടിക്കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിയതിന് ശേഷം റോഡില്‍ ഇടാന്‍ പാടില്ല. മുഴുവന്‍ സമയവും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. യോഗത്തില്‍ സി.കെ.ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ബാബു, തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ജില്ല പഞ്ചായത്ത് അംഗം പി.സുഗതന്‍, എ.എസ്.പി അരവിന്ദ് സുകുമാര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.ജയകുമാര്‍, അഡ്വക്കേറ്റ് കമ്മീഷണര്‍ പി.രാജീവ്, ബിജു കണ്ണേഴത്ത്, എസ്.ഇന്ദിരദേവി എന്നിര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ്തല മേധാവികളും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉപദേശകസമിതി അംഗങ്ങള്‍, വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.