Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൈരളി സ്വാമി ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതലമുറയുടെ നേതൃത്വത്തില്‍ പുനര്‍ജനിക്കുന്നു.
17/10/2019
കൈരളി സ്വാമി ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പുനരുദ്ധരിച്ച് മകന്‍ മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്നു.

വൈക്കം: വൈക്കത്ത് അഞ്ചുപതിറ്റാണ്ടുകാലം സജീവമായി പ്രവര്‍ത്തിച്ച് പിന്നീട് നിലച്ചുപോയ കൈരളി സ്വാമി ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതലമുറയുടെ നേതൃത്വത്തില്‍ പുനര്‍ജനിക്കുന്നു. മറ്റക്കാട്ട് നാരായണയ്യര്‍ സ്വാമിയുടെ നേതൃത്വത്തില്‍ അഞ്ചുപതിറ്റാണ്ടുകാലം വൈക്കത്ത് പേരും പെരുമയോടെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നു കൈരളി സ്വാമി ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളില്‍ കമ്പ്യൂട്ടറിന്റെ വരവും സജീവമായതോടെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വൈക്കത്ത് നിരവധി ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനം സജീവമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞാല്‍ പ്രീ-ഡിഗ്രി പഠനത്തിന് പോകുന്നതിനെക്കാള്‍ പ്രാധാന്യത്തോടെ ടൈപ്പ് റൈറ്റിംഗ് പഠനം അന്നത്തെ തലമുറ തിരഞ്ഞെടുത്തിരുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയും ഈ പഠനത്തിന് അടിവേരിട്ടു. ജോലി സാധ്യതയ്ക്കും ഈ പഠനം പിന്‍ബലം നല്‍കിയിരുന്നു. ടൈപ്പ് റൈറ്റിംഗിനോടൊപ്പം ഷോര്‍ട്ട് ഹാന്‍ഡും വശത്താക്കി സ്‌റ്റെനോഗ്രാഫറായി ഉന്നതങ്ങള്‍ കീഴടക്കിയ ഒട്ടേറെപേരുടെ വഴി പിന്തുടരാന്‍ അന്നത്തെ യുവാക്കള്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പടിവാതിക്കല്‍ കാത്തുനിന്നിരുന്ന കാലം ഗതകാലസ്മരണയാകുന്നു. ആധുനിക യുഗത്തില്‍ കമ്പ്യൂട്ടറിന്റെ സ്വാധീനം യുവതലമുറയിലേക്ക് കടന്നുകയറിയതോടെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഒന്നൊന്നായി നിലച്ചു. ടൈപ്പ് റൈറ്റിംഗ് മെഷീനുകളുടെ ലഭ്യതയ്ക്ക് വിപണി ഇല്ലാതായതും പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും ഇന്‍സ്റ്റ്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമായി. അന്യം നിന്നുപോയ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്ന് അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ ലക്ഷമണയ്യര്‍ ഒന്‍പത് ടൈപ്പ് റൈറ്റിംഗ് മെഷീനുകള്‍ സമ്പാദിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുനരാരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് മെഷീനുകള്‍ സംഘടിപ്പിച്ചത്. ഇംഗ്ലീഷും മലയാളവും അടങ്ങുന്ന ടൈപ്പ് റൈറ്റിംഗ് പഠനത്തിനായി യുവതലമുറയും എത്തി തുടങ്ങി. പരിശീലകനായി ലക്ഷ്മണയ്യരും ഭാര്യ വിദ്യയും സജീവമായി രംഗത്തുണ്ട്. രാവിലെയും വൈകിട്ടുമാണ് പഠന സമയം ക്രമീകരിച്ചിരിക്കുന്നത്.