Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടുകായല്‍ പ്രത്യേക സോണുകളായി തിരിച്ച് കക്കാ സാഞ്ച്വറികള്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന തീരുമാനം പിന്‍വലിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യൂ.സി) കോട്ടയം ജില്ലാ കമ്മിറ്റി.
17/10/2019

വൈക്കം: വേമ്പനാട്ടുകായലിന്റെ നിലവിലുള്ള മത്സ്യബന്ധന ഇടങ്ങള്‍ അനുദിനം കുറഞ്ഞു വരുന്നതായി കേരളാ സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യൂ.സി) കോട്ടയം ജില്ലാ കമ്മിറ്റി. കേരളത്തിന്റെ തനതു മത്സ്യത്തിന്റെ (കരിമീന്‍) ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് കുമരകം നാലുപങ്കില്‍ ഇരുപത്തിയഞ്ചുലക്ഷം രൂപ മുടക്കി കൃത്രിമപ്രജനന സങ്കേതം നിര്‍മ്മിച്ചത്. എന്നാല്‍ ഇന്നിതു നാശത്തിന്റെ വക്കിലാണ്. ഇതിന്റെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന ബോട്ടുടെര്‍മിനല്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും എടുക്കുവാന്‍ തയ്യാറാകാതെ ഇത് തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതും മത്സ്യത്തൊഴിലാളി സമൂത്തോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കൂടാതെ ഉള്‍നാടന്‍ മേഖല ഉള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ഭവനനിര്‍മ്മാണം, വീടുകളുടെ മെയിന്റനന്‍സ്, കക്കൂസ് നിര്‍മ്മാണം, തൊഴിലുപകരണങ്ങള്‍ തുടങ്ങിയ പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. തണല്‍ പദ്ധതിയില്‍ 1350 രൂപ ലഭിച്ചിരുന്നത് 600 രൂപയായി വെട്ടിച്ചുരിക്കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ തൊഴിലാളികള്‍ പതിനെട്ടു വയസ്സുമുതല്‍ 60 വയസ്സുവരെ അടയ്ക്കുന്ന അംശാദായം ഒരു രൂപ പോലും മടക്കിക്കിട്ടുന്നില്ലെന്നും പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചുകൊണ്ട് വേമ്പനാട്ടുകായല്‍ പ്രത്യേക സോണുകളായി തിരിച്ച് കക്കാ സാഞ്ച്വറികള്‍ നിര്‍മ്മിക്കുവാന്‍ പോകുന്നത്. കക്കാ സാഞ്ച്വറികളായി പ്രഖ്യാപിക്കുന്നതോടു കൂടി മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലായെന്നും ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കക്കാപ്രജനനം പ്രകൃതിദത്തവും സ്വാഭാവികവുമായ പ്രക്രിയയാണെന്നും അവര്‍ പറഞ്ഞു. ഇതിനുവേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുവാന്‍ പോകുന്ന ഭരണാധികാരികള്‍ പരമ്പരാഗത തൊഴിലാളികളെ മറന്നു നടത്തുന്ന ഈ വികസനം മത്സ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കും വഴിവയ്ക്കുമെന്നും അതുകൊണ്ട് ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും എ.ഐ.ടി.യൂ.സി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബാബുവും പ്രസിഡന്റ് കെ.എസ് രത്‌നാകരനും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.