Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടത്തായി കൊലപാതകത്തില്‍ സംശയം തോന്നി പരാതി നല്‍കിയ കൊല്ലപ്പെട്ട റോയി തോമസിന്റ സഹോദരന്‍ റോജോ തോമസ് അന്വേഷണ സംഘത്തിനു മുന്‍പാകെ മൊഴി നല്‍കാന്‍ വൈക്കത്തെത്തി
15/10/2019

വൈക്കം: കൂടത്തായി കൊലപാതകത്തില്‍ സംശയം തോന്നി പരാതി നല്‍കിയ കൊല്ലപ്പെട്ട റോയി തോമസിന്റ സഹോദരന്‍ റോജോ തോമസ് അന്വേഷണ സംഘത്തിനു മുന്‍പാകെ മൊഴി നല്‍കാന്‍ അമേരിക്കയില്‍ നിന്നും വൈക്കത്തിനടുത്തുള്ള കുലശേഖരമംഗലത്തെ സഹോദരി രഞ്ജിയുടെ വീട്ടിലെത്തി. ഇന്നലെ പുലര്‍ച്ചെ 4.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ റോജോ കനത്ത പോലീസിന്റെ സുരക്ഷയിലാണ് സഹോദരി രഞ്ജി വാടകയ്ക്കു താമസിക്കുന്ന വൈക്കം കുലശേഖരമംഗലം ടോളിലെ വീട്ടിലേയ്ക്ക് വന്നത്. 30 മണിക്കൂറിലധികം യാത്ര ചെയ്തതിന്റെ ക്ഷീണത്തില്‍ വിശ്രമിക്കുന്ന റോജോയുടെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയേക്കുമെന്ന് അഭ്യൂഹത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ മാധ്യമങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനു വിമുഖത കാട്ടിയ റോജോ ഇടയ്ക്കു വീടിന്റെ ടെറസില്‍ ഇത്തിരി നേരം വന്നു നിന്ന ശേഷം വീടിനുള്ളിലേയ്ക്കു കയറിപ്പോയി. റോജോയുടെ സൗകര്യാര്‍ത്ഥം അന്വേഷണ സംഘം മൊഴിയെടുക്കാന്‍ കോഴിക്കോട് സൗകര്യമൊരുക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ വൈക്കം കുലശേഖരമംഗലം ടോളിലെ വാടക വീട്ടിലാണ് റോജോയുടെ സഹോദരി രഞ്ജി താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് വില്‍സണ്‍ ശ്രീലങ്കയില്‍ ജോലി ചെയ്യുകയാണ്. വൈക്കത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയായ രഞ്ജി ഒരു വര്‍ഷമായി അവധിയെടുത്തു ഉന്നത പഠനം നടത്തുകയാണ്.